Wednesday, October 7, 2026

സാനിറ്റൈസറിലും ലഹരി കണ്ടെത്തുന്ന വിദ്വാന്‍മാര്‍

കലവൂര്‍ : കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന സാനിറ്റൈസര്‍ ലഹരിക്കായി ഉപയോഗിക്കുന്നെന്ന് സൂചന. കുറഞ്ഞ വിലയ്ക്ക് സാനിറ്റൈസര്‍ ലഭ്യമാക്കിയതോടെ ചിലര്‍ അത് പതിവായി വാങ്ങുന്നതു ശ്രദ്ധയില്‍പെട്ടതോടെ കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോഓപ്പറേറ്റീവ് സൊസൈറ്റി (ഹോംകോ) ചില്ലറ വില്‍പന നിര്‍ത്തി. കൂടാതെ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ (കെഎസ്ഡിപി) വില്‍പന നിയന്ത്രിച്ചു. ഹോംകോയിലും കെഎസ്ഡിപിയിലും സ്ഥിരമായി സാനിറ്റൈസര്‍ വാങ്ങാനെത്തുന്നതും അവധി ദിവസങ്ങളുടെ തലേന്ന് ആവശ്യക്കാരുടെ തിരക്കേറുന്നതും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണു വില്‍പന നിയന്ത്രിച്ചത്. കെഎസ്ഡിപിയില്‍നിന്ന് ഒരാള്‍ക്കു പരമാവധി അര ലീറ്ററേ നല്‍കൂ.

65-70% ആല്‍ക്കഹോള്‍ ചേര്‍ത്താണു സാനിറ്റൈസര്‍ നിര്‍മിക്കുന്നത്. കൂടാതെ ഹൈഡ്രജന്‍ പെറോക്‌സൈഡ്, ഗ്ലിസറിന്‍ എന്നിവയും ചേര്‍ക്കുന്നു. ഇതില്‍ മൂന്നിരട്ടി വെള്ളവും മധുരപാനീയങ്ങളും ചേര്‍ത്തു ലഹരിക്കായി ഉപയോഗിക്കുന്നെന്നാണ് വിവരം. സ്പിരിറ്റും മറ്റു രാസവസ്തുക്കളും വേര്‍തിരിക്കാനുള്ള വിദ്യയും ചിലര്‍ കണ്ടെത്തിയിട്ടുണ്ടെന്നു പറയുന്നു.ലഹരിക്കായി സാനിറ്റൈസര്‍ ഉപയോഗിക്കുന്നതു ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു.സാനിറ്റൈസര്‍ കുടിച്ചാല്‍ അന്നനാളം, ആമാശയം, കുടല്‍ എന്നിവയ്ക്കു ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാകും.

Related Articles

Latest Articles