Saturday, May 18, 2024
spot_img

ഓൺലൈൻ റിലീസ് പ്രഖ്യാപിച്ച് മലയാള സിനിമയും,ജയസൂര്യ നായകനാകുന്ന ‘സൂഫിയും സുജാതയും’ ഓൺലൈനിൽ റിലീസ് ചെയ്യുന്ന ആദ്യ മലയാളചലച്ചിത്രമാകും.

മലയാളസിനിമ മേഖലയില്‍ ആദ്യമായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്ന ചിത്രമാകാന്‍ ഒരുങ്ങുകയാണ് ജയസൂര്യ ചിത്രം സൂഫിയും സുജാതയും . ബോളിവുഡ് താരം അതിഥി റാവു ഹൈദറാണ് നായികയായി എത്തുന്നത്.ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും,എന്നാൽ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. .ആദ്യമായാണ് ഒരു ചിത്രം തീയേറ്റർ പ്രദർശനം നടത്താതെ നേരിട്ട് ഒടിടി പ്ലാറ്റ്‍ഫോമിൽ റിലീസ് ചെയ്യാനെത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബു നിര്‍മിക്കുന്ന ചിത്രമാണ് ‘സൂഫിയും സുജാത’യും.

കൊറോണ വൈറസ് ലോകമെങ്ങും പടര്‍ന്നതോടെ ഏവരും ലോക്ഡൗണിലായതിനാൽ തീയേറ്ററുകളൊക്കെ അടച്ചിരിക്കുകയാണ്. സിനിമകളുടെ ഷൂട്ടിങും നിര്‍ത്തിവെച്ചിരിക്കുകയാണ്. അതിനാൽ തന്നെ പലരും ഓൺലൈൻ പ്ലാറ്റ്‍ഫോമുകളിൽ സിനിമകള്‍ റിലീസ് ചെയ്യുന്നതിനെകുറിച്ച് ചിന്തിച്ചുതുടങ്ങിയിരിക്കുകയുമാണ്.

ബോളിവുഡിൽ വിദ്യ ബാലൻ നായികയാകുന്ന ‘ശകുന്തള ദേവി’, അമിതാഭ് ബച്ചൻ ചിത്രം ഗുലാബി സിതാബോ, ജ്യോതികയുടെ പൊൻമകൾ വന്താൽ, കീർത്തി സുരേഷ് പ്രധാനവേഷത്തിലെത്തുന്ന പെൻഗ്വിൻ, കന്നഡ ചിത്രങ്ങളായ ലോ, ഫ്രഞ്ച് ബിരിയാണി എന്നീ സിനിമകള്‍ ഓൺലൈൻ റിലീസിന് തയ്യാറെടുക്കുന്നതിന് പിന്നാലെയാണ് ഇപ്പോള്‍ നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്യുന്ന സൂഫിയും സുജാതയും ഓൺലൈനിൽ എത്താൻ ഒരുങ്ങുന്നത്.

“ചരിത്രം തിരുത്തിക്കുറിക്കുന്നതിന് ഒരു ഭാഗമാകാൻ തനിക്കും സാധിച്ചു. അതിജീവനത്തിന്‍റെ സമയമാണ്. ഈ അവസരത്തിൽ ലാഭമല്ല നോക്കേണ്ടത്. ലോകം മുഴുവൻ സിനിമാ ഇൻഡസ്ട്രി നഷ്ടത്തിലാണ്. കോടികൾ മുടക്കി ഒരുക്കിയിരിക്കുന്ന പല സിനിമകളും റിലീസ് ചെയ്യാനാകാതെ ഇരിക്കുകയാണ്. ഓൺലൈൻ പ്ലാറ്റ്‍ഫോമുകള്‍ ആണ് ഈ സമയത്ത് വലിയ സാധ്യത. ഒരു ത്രില്ലിങ് മ്യൂസിക്കൽ സിനിമയാണിത്. മലയാളത്തിൽ ഇതൊരു പുതുമയാണ്”, നിർമ്മാതാവ് വിജയ് ബാബു മാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുകയാണ്. നടൻ സൂര്യ നിര്‍മ്മിക്കുന്ന പൊൻമകൾ വന്താൽ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യാൻ തീരുമാനിച്ചതിനെതിരെ തിയറ്റർ ഉടമകൾ രംഗത്തു വന്നിരുന്നു. എന്നാൽ ഓൺലൈൻ റിലീസ് തീരുമാനം മലയാളത്തിലും ചില പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയുമാണ്.കേരളാ ഫിലിം ചേമ്പറും തീയേറ്റർ ഉടമകളും ഈ തീരുമാനത്തോട് ഏത് രീതിയിൽ പ്രതികരിക്കുമെന്നതാണ് പ്രസക്തമായ ചോദ്യം.

Related Articles

Latest Articles