Monday, May 20, 2024
spot_img

കേന്ദ്രം കണ്ണുരുട്ടി: ഇളവുകളില്‍ തിരുത്തുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കെതിരെ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ ഇളവുകളില്‍ തിരുത്തുമായി സംസ്ഥാന സര്‍ക്കാര്‍. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുമുള്ള അനുമതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു.

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇളവുകളില്‍ വിശദീകരണം ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര ആഭ്യന്തരസെക്രട്ടറി സംസ്ഥാനത്തിന് കത്തയച്ചിരുന്നു.

കേരളം നല്‍കിയ ലോക്ക്ഡൗണ്‍ ഇളവുകള്‍ കേന്ദ്രനിര്‍ദേശത്തില്‍ വെള്ളം ചേര്‍ത്താണെന്നും ഉത്തരവ് തിരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേരളം തിരുത്തലുമായി രംഗത്തെത്തിയത്.

പുതിയ തീരുമാന പ്രകാരം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കില്ല. പകരം ബാര്‍ബര്‍മാര്‍ക്ക് വീടുകളിലെത്തി മുടിവെട്ടാം. ഹോട്ടലുകളില്‍ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള ഉത്തരവ് പിന്‍വലിച്ചപ്പോള്‍ ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തിന്റെ സമയം രാത്രി ഒന്‍പത് മണിവരെയായി പുനഃക്രമീരിച്ചു.

സംസ്ഥാനം ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ വര്‍ക്ക്ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതും കേന്ദ്ര നിര്‍ദ്ദേശത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.

Related Articles

Latest Articles