ദില്ലി : രണ്ട് ദിവസത്തെ അതിര്‍ത്തി സന്ദര്‍ശനത്തിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ലഡാക്കിലെത്തി. നിയന്ത്രണ രേഖയിലെയും യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെയും സ്ഥിതിഗതികള്‍ വിലയിരുത്തതിനാണ് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം. കരസേന മേധാവി എം.എം നരവനെയും രാജ്നാഥ് സിംഗിനൊപ്പമുണ്ട്. ഇന്ത്യ-ചൈന സംഘര്‍ഷത്തിന് ശേഷം ലഡാക്കിലേക്കുള്ള രാജ്നാഥ് സിംഗിന്റെ ആദ്യ സന്ദര്‍ശനമാണിത്.
കഴിഞ്ഞ മൂന്നിനായിരുന്നു നേരത്തേ രാജ്നാഥ് സിംഗിന്റെ ലഡാക്ക് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. എന്നാൽ , പിന്നീട് അത് റദ്ദാക്കുകയും അന്നേ ദിവസം പ്രധാനമന്ത്രി അപ്രതീക്ഷിതമായി ലഡാക്കില്‍ എത്തിച്ചേരുകയുമായിരുന്നു. അതേസമയം, അതിര്‍ത്തിയില്‍ നിന്നുള്ള സേന പിന്മാറ്റത്തില്‍ നടപടി തുടരുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രണ്ട് ദിവസത്തെ സന്ദർശനത്തിൽ ആദ്യം ലഡാക്കാണ് പ്രതിരോധമന്ത്രി സന്ദര്‍ശിക്കുക. നാളെ ജമ്മുകാശ്‌മീരിലേക്ക് അദ്ദേഹം എത്തും . അതേസമയം, രാജ്‌നാഥ് സിംഗിന്റെ സന്ദര്‍ശനം സൈനികര്‍ക്ക് ഊര്‍ജ്ജം പകരുമെന്നാണ് സേനയുടെ വിലയിരുത്തല്‍.

