കേരള ബിജെപി ഇനി പുതിയ രൂപത്തിൽ
കേരളത്തിലെ ബിജെപി നേതൃത്വവുമായി അത്ര ഐക്യത്തിൽ അല്ലായിരുന്ന നേതാവാണ് പിപി മുകുന്ദൻ. നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ അദ്ദേഹം ദീര്ഘനാളായി ചുമതലകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണ്. എന്നാൽ സംസ്ഥാന ബിജെപിയിൽ ഗുണപരമായ പല മാറ്റങ്ങളും ഉടനുണ്ടാകുമെന്നാണ് സൂചന. ഇപ്പോഴിതാ ഇതിന്റെ ഭാഗമായി പിപി മുകുന്ദനെ സന്ദർശിച്ച് സുരേഷ് ഗോപി എംപി. കണ്ണൂരിലെ മുകുന്ദന്റെ വീട്ടിലെത്തുകയായിരുന്നു സുരേഷ് ഗോപി. കണ്ണൂരിൽ ബിജെപി പരിപാടികളിൽ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപി മുതിർന്ന നേതാവിനേയും വീട്ടിലെത്തി കാണുകയായിരുന്നു. സുരേഷ് ഗോപിയെ പരിവാർ പ്രസ്ഥാനങ്ങളുമായി അടുപ്പിക്കുന്നതിൽ പങ്കുള്ള നേതാവാണ് മുകുന്ദൻ.
ബിജെപിയുടെ ഔദ്യോഗിക പദവികളൊന്നുമില്ലാത്ത മുകുന്ദൻ കണ്ണൂരിലെ വീട്ടിൽ വിശ്രമത്തിലാണ്. കുറച്ചു ദിവസം മുമ്പ് ഗോവാ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ളയും കണ്ണൂരിലെ വസതിയിലെത്തി മുകുന്ദനെ സന്ദർശിച്ചിരുന്നു. ശ്രീധരൻപിള്ള രചിച്ച പുസ്തകങ്ങൾ കൈമാറുകയും ചെയ്തു. ബിജെപി സംസ്ഥാന നേതൃത്വവുമായി അത്ര നല്ല ബന്ധമല്ല മുകുന്ദനുള്ളത്. പല വിഷയങ്ങളിലും വിമർശനവുമായി വാർത്തകളിൽ ഇടം നേടിയിരുന്നു. എങ്കിലും സുരേഷ് ഗോപി അടക്കമുള്ള നേതാക്കളുമായി മുകുന്ദന് ഇപ്പോഴും അടുത്ത ആത്മബന്ധമാണുള്ളത്.
കണ്ണൂരിൽ എത്തുമ്പോഴെല്ലാം മുകുന്ദനെ വീട്ടിലെത്തി സുരേഷ് ഗോപി കാണാറുണ്ട്. രാഷ്ട്രീയം സംസാരിക്കുമെങ്കിലും അത് പലപ്പോഴും ഇരുവരും പുറത്തു പറയാറുമില്ല. നിലവിൽ എംപിയായ സുരേഷ് ഗോപി ബിജെപി രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകുന്നുണ്ട്. നാലു സംസ്ഥാനങ്ങളിലെ ബിജെപി വിജയത്തിൽ അടക്കം പ്രതികരണവുമായി സുരേഷ് ഗോപി എത്തുകയും ചെയ്യും. ബിജെപി കേരള ഘടകത്തിന്റെ അടുത്ത പ്രസിഡന്റായി പലരും കാണുന്നത് സുരേഷ് ഗോപിയെയാണ്. മുകുന്ദൻ അടക്കമുള്ളവരെ രാഷ്ട്രീയത്തിൽ സജീവമാക്കണമെന്ന ചിന്താഗതിയാണ് സുരേഷ് ഗോപിയുടേത്.

