Monday, May 20, 2024
spot_img

കോണ്‍ഗ്രസിന് വോട്ട് ചെയ്തു; രാജസ്ഥാനിലെ സിപിഎം എംഎല്‍എയെ പുറത്താക്കി

രാജസ്ഥാന്‍: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിര്‍ദ്ദേശത്തിന് വിരുദ്ധമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത എംഎല്‍എ ബല്‍വാന്‍ പൂനിയയെ സിപിഎം ഒരു വര്‍ഷത്തേയ്ക്ക് പുറത്താക്കി. ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥി ജയിക്കാന്‍ സാധ്യതയുണ്ടെങ്കില്‍ മാത്രം കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യാനാണ് സിപിഎം നേതൃത്വം എംഎല്‍എമാരായ ബല്‍വാന്‍ പൂനിയയ്ക്കും ഗിരിധര്‍ ലാലിനും നിര്‍ദ്ദേശം നല്‍കിയിരുന്നത്.

എന്നാല്‍ ബിജെപിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിക്ക് ജയസാധ്യതയില്ലാഞ്ഞിട്ടും ബല്‍വാന്‍ പൂനിയ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. ഗിരിധര്‍ലാല്‍ പാര്‍ട്ടി നിര്‍ദ്ദേശം അംഗീകരിച്ച് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസിന്റെ കെ.സി .വേണുഗോപാലും നീരജ് ദാംഗിയും ജയിച്ചു. ബിജെപിയുടെ രാജേന്ദ്ര ഗെലോട്ട് ജയിച്ചു. രണ്ടാം സ്ഥാനാര്‍ത്ഥി ഓംകാര്‍ സിംഗ് ലഖാവത്ത് തോറ്റു.

ഭദ്ര മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ബല്‍വാന്‍ പൂനിയ. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് സിപിഎം ബല്‍വാന്‍ പൂനിയയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥിക്ക് വിജയസാധ്യതയില്ലെങ്കില്‍ ഒരു പാര്‍ട്ടിക്കും വോട്ട് ചെയ്യരുത് എന്ന് നിര്‍ദ്ദേശിച്ചിരുന്നതായും സിപിഎം പറയുന്നു. അതേസമയം കോണ്‍ഗ്രസ് പിന്തുണ ആവശ്യപ്പെട്ടതുകൊണ്ട് താന്‍ വോട്ടുചെയ്തു എന്നും ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥിക്ക് എത്ര വോട്ട് കിട്ടുമെന്ന് തനിക്കെങ്ങനെ അറിയാമെന്നും ബല്‍വാന്‍ പൂനിയ ചോദിച്ചു.

Related Articles

Latest Articles