Wednesday, May 8, 2024
spot_img

തിരുവനന്തപുരം നഗരസഭാപരിധിയില്‍ കടുത്തനിയന്ത്രണങ്ങള്‍

തിരുവനന്തപുരം:സമൂഹ വ്യാപനത്തിന്റെ സാധ്യത കണക്കിലെടുത്ത് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു.

നഗരസഭാ പരിധിയിലെ പാളയം, ചാല തുടങ്ങി മാര്‍ക്കറ്റുകളിലും ആളുകള്‍ കൂടുതലായി വന്നുപോകുന്ന പ്രധാന വ്യാപാര കേന്ദ്രങ്ങളിലും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് അമ്പത് ശതമാനമായി കുറയ്ക്കും. ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ ഈ കേന്ദ്രങ്ങളിലെ കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയൂ. ആളുകളുടെ പ്രവേശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

നഗരത്തിലെ മാളുകളിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും തീരുമാനം ബാധകമാണ്. എല്ലാ കടകളിലും കൈകഴുകല്‍ കേന്ദ്രവും സാനിറ്റൈസറും നിര്‍ബന്ധമായും ക്രമീകരിക്കണം. ശാരീരിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയും വേണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ കടകള്‍ അടച്ച് പൂട്ടുകയും താല്‍ക്കാലികമായി ലൈസന്‍സ് റദ്ദ് ചെയ്യുന്ന നടപടികളുണ്ടാവും.

ഉയര്‍ന്ന രോഗ നിരക്കുള്ള തമിഴ്‌നാട്ടിലുള്‍പ്പെടെ മത്സ്യബന്ധനത്തിനായി തൊഴിലാളികള്‍ പോകുന്ന തീരദേശമേഖലകളില്‍ നിരീക്ഷണം ശക്തമാക്കും. നഗരസഭയില്‍ നിലവിലുള്ള 31 ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റയിന്‍ സെന്ററുകള്‍ക്ക് പുറമേ തീരദേശ മേഖലയായ വിഴിഞ്ഞം, പൂന്തുറ, ശംഖുമുഖം, ആറ്റിപ്ര, കഴക്കൂട്ടം എന്നീ ഹെല്‍ത്ത് സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ച് പുതുതായി അഞ്ച് ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റയിന്‍ സെന്ററുകള്‍ കൂടി നഗരസഭ ആരംഭിക്കും.

കല്യാണം, മരണം, തുടങ്ങിയ പൊതുപരിപാടികളില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നാല്‍ പോലീസ് സഹായത്തോടെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. നഗരസഭ ഓഫീസിലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

ഇതിനു പുറമേ മേയറുടെ പരാതിപരിഹാരസെല്ലിന്റെ ഭാഗമായി ഓണ്‍ലൈനായി [email protected] എന്ന ഇ മെയിലിലേക്കും smarttvm.corporationoftrivandrum.in എന്ന വെബ്‌സൈറ്റിലേക്കോ 8590036770 എന്ന വാട്‌സ് ആപ്പ് നമ്പരിലേക്കോ പരാതികളും ഡോക്യുമെന്റായി അപേക്ഷകളും സമര്‍പ്പിക്കാവുന്നതാണ്.

Related Articles

Latest Articles