Monday, May 20, 2024
spot_img

കോവിഡ് ഭേദമായ ഗര്‍ഭിണി വീട്ടില്‍ പ്രസവിച്ചു; ആശുപത്രിയിലെത്താനായത് ഒരു മണിക്കൂര്‍ വൈകി

കാസര്‍കോട്: കോവിഡ് ഭേദമായി രണ്ടാഴ്ച മുമ്പ് പരിയാരം മെഡിക്കല്‍ കോളജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഗര്‍ഭിണിയായ യുവതി വീട്ടില്‍ പ്രസവിച്ചു. ചെമ്മനാട് പഞ്ചായത്ത് പരിധിയില്‍പെട്ട പ്രദേശത്തെ യുവതിയാണ് കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടില്‍ പ്രസവിച്ചത്.

പ്രസവാനന്തര പരിചരണത്തിന് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കാന്‍ ഒരു മണിക്കൂര്‍ വൈകി. ജനറല്‍ ആശുപത്രി കോവിഡ് ചികിത്സക്കു മാത്രമായി മാറ്റിയതിനാല്‍ ചെങ്കള നായനാര്‍ ആശുപത്രിയിലാണ് സര്‍ക്കാര്‍ പ്രസവ ചികിത്സ മാറ്റിയത്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും പ്രസവിക്കുകയും ചെയ്തത്. ആശുപത്രിയില്‍ എത്തിയപ്പോഴാണ് കോവിഡ് ചികിത്സ കഴിഞ്ഞുവെന്നതിന്റെ പേരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് തടസ്സവാദം ഉന്നയിക്കപ്പെട്ടത്. ഇതോടെയാണ് ഡിഎംഒ അടക്കമുള്ളവര്‍ ഇടപെട്ട് വൈകീട്ടോടെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റാനുള്ള സംവിധാനം ഒരുക്കിയത്.

ഭാര്യയ്ക്ക് പ്രസവത്തിനായി നാട്ടില്‍ തന്നെയുള്ള ഏതെങ്കിലും ആശുപത്രിയില്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ വകുപ്പ് അധികൃതര്‍ പരിഗണിച്ചില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെട്ടു.

Related Articles

Latest Articles