Monday, May 20, 2024
spot_img

ക്രിക്കറ്റിന് ചൈനീസ് സ്പോൺസർ വേണ്ടേ വേണ്ട; ബി സി സി ഐക്ക് സി ടി ഐ യുടെ മുന്നറിയിപ്പ്

ദില്ലി: ക്രിക്കറ്റിൽ ചൈനീസ് കമ്പനികളുമായുള്ള സഹകരണം അവസാനിപ്പിച്ചില്ലെങ്കിൽ ഐ പി എല്ലിലും ഇന്ത്യയിൽ നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളിലും സഹകരിക്കില്ലെന്ന് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി (സി ടി ഐ). ഇക്കാര്യം വിശദമാക്കി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് സി ടി ഐ കത്തയച്ചു. 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സംഘർഷം മുൻനിർത്തി ചൈനീസ് കമ്പനികളെ ബഹിഷ്ക്കരിക്കണമെന്നാണ് കത്തിലെ ആവശ്യം. ഇതിനു തയാറായില്ലെങ്കിൽ ഇന്ത്യൻ പ്രീമിയർ ലീഗുമായും ഇന്ത്യയിൽ നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളുമായും സഹകരിക്കില്ലെന്ന് സി ടി ഐ കൺവീനർ ബ്രിജേഷ് ഗോയൽ വ്യക്തമാക്കി.

നേരത്തെ ചൈനീസ് കമ്പനികളുമായുള്ള സ്പോൺസർഷിപ്പ് കരാർ ഉൾപ്പെടെയുള്ള സഹകരണങ്ങൾ പുനഃപരിശോധിക്കുമെന്ന് ബി സി സി ഐ വ്യക്തമാക്കിയിരുന്നു. ഐപിഎൽ മുഖ്യ സ്പോൺസറായ വിവോ ഉൾപ്പെടെയുള്ളവരുമായുള്ള സഹകരണം തുടരണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ഐപിഎൽ ഭരണസമിതി അടുത്തയാഴ്ച യോഗം ചേരുമെന്നാണ് അറിയിപ്പ്.

നിലവിൽ 2022 വരെയാണ് വിവോയുമായി ഐപിഎല്ലിന് കരാറുള്ളത്. നാലു വർഷത്തേക്കുള്ള കരാർ പ്രകാരം ഏതാണ്ട് 2,190 കോടി രൂപയാണ് വിവോ ബിസിസിഐയ്ക്ക് നൽകുന്നത്. ഐപിഎല്ലിന്റെ മുഖ്യ സ്പോൺസർമാരായ വിവോയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമാണ്. ഹർഭജൻ സിങ് ഉൾപ്പെടെയുള്ള താരങ്ങൾ ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Related Articles

Latest Articles