Saturday, June 1, 2024
spot_img

ഗോവയിൽ ബിജെപിക്കൊപ്പം കൂടാൻ തൃണമൂലും ?

ഗോവയില്‍ ഫലപ്രഖ്യാപനത്തിന് ശേഷം നിലപാട് തീരുമാനിക്കുമെന്ന് മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എം ജി പി). എന്നാല്‍ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രിയാക്കാന്‍ ഒരിക്കലും പിന്തുണക്കില്ലെന്നും മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി നേതാവ് സുദിന്‍ ധവാലിക്കര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സഖ്യകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുത്ത് തങ്ങളുടെ നിലപാട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനവിധി അനുസരിച്ച് ഏതെങ്കിലും പാര്‍ട്ടിയേയോ സഖ്യത്തേയോ പിന്തുണയ്ക്കുന്നതില്‍ തീരുമാനമെടുക്കമെന്നും എന്നാല്‍ അത് തൃണമൂലുമായി ആലോചിച്ച ശേഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പി ടി ഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം ബി ജെ പിയെ പിന്തുണയ്ക്കില്ല എന്ന് ഉറപ്പിച്ച് പറയാനും അദ്ദേഹം തയ്യാറായില്ല. തൃണമൂല്‍ കോണ്‍ഗ്രസ്- മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി നിലവിലെ ബി ജെ പിയെ പിന്തുണയ്ക്കുന്നത് ഒഴിവാക്കുകയാണോ എന്ന ചോദ്യത്തിന്, ബി ജെ പിയല്ല വിഷയം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗോവയിലെ രാഷ്ട്രീയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. 16 വര്‍ഷത്തിനിടെ 16 മുഖ്യമന്ത്രിമാരെയാണ് നമ്മള്‍ കണ്ടത്. ഹരിയാനയിലെയും ഡല്‍ഹിയിലെയും രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമാണ് ഇവിടുത്തെ രാഷ്ട്രീയമെന്നും സുദിന്‍ ധവാലിക്കര്‍ പറഞ്ഞു.


ബംഗാളിലെ തൃണമൂലല്ല ഗോവയിലേതെന്നും ഇവിടെ ഗോവക്കാര്‍ തന്നെയാണ് തൃണമൂലില്‍ ഉള്ളവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനാല്‍ തൃണമൂല്‍ ഗോവ ഘടകത്തില്‍ നിലപാട് ദേശീയ നേതൃത്വത്തില്‍ നിന്ന് വിഭിന്നമാണെന്നും സുദിന്‍ ധവാലിക്കര്‍ പറഞ്ഞു. എന്നാല്‍ പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാരിനെയും എം ജി പി പിന്തുണയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സാവന്ത് മുഖ്യമന്ത്രി എന്ന നിലയില്‍ 2019-ല്‍ എം ജി പിയെ സംസ്ഥാന മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയിരുന്നു. അതില്‍ ഞങ്ങള്‍ക്ക് ഇപ്പോഴും വേദനയുണ്ട്, സാവന്ത് മുഖ്യമന്ത്രിയായ ഒരു സര്‍ക്കാരിനെ തങ്ങള്‍ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles