കൊച്ചി : നടൻ മണികണ്ഠൻ ആചാരി വിവാഹിതനായി. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ വിവാഹ ചടങ്ങുകൾ ലളിതമായായിരുന്നു. തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിൽ ഏറെ ആളുകൾ പങ്കെടുത്തിരുന്നില്ല. മരട് സ്വദേശിനി അഞ്ജലിയാണ് വധു. ആറ് മാസം മുൻപ് വിവാഹ നിശ്ചയം നടന്നിരുന്നു. കഴിഞ്ഞ ദിവസം തൻ്റെ ഫേസ്ബുക്ക് പേജിലൂടെ കല്യാണ വിവരങ്ങൾ മണികണ്ഠൻ പങ്കുവച്ചിരുന്നു.
വിവാഹച്ചെലവുകൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് മണികണ്ഠൻ അറിയിച്ചിരുന്നു. എംഎൽഎ എം സ്വരാജ് ഈ തുക ഏറ്റുവാങ്ങും.
കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് മണികണ്ഠൻ ആചാരി മലയാളികളുടെ താരമായത് . പിന്നീട് ഇതര ഭാഷകളിൽ അടക്കം മണികണ്ഠൻ മികച്ച ചില വേഷങ്ങൾ ചെയ്തു. കൂടാതെ കഴിഞ്ഞ വർഷം രജനീകാന്ത് ചിത്രമായ പേട്ടയിലൂടെ താരം തമിഴിലും അരങ്ങേറിയിരുന്നു.

