Friday, May 17, 2024
spot_img

ചര്‍ച്ചകള്‍ സജീവം; റഷ്യയുടെ കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ ഉത്പാദിപ്പിക്കുമോ?

ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ റഷ്യയുടെ കോവിഡ് വാക്‌സിന്‍ ഇന്ത്യയിലുത്പാദിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. വാക്‌സിന്‍ നല്‍കുന്നതിനു പുറമെ ഗവേഷണം, ഉത്പാദനം എന്നിവയിലും ഇന്ത്യയുടെ സഹകരണം തേടിയതായി റഷ്യന്‍ അംബാസിഡര്‍ നിക്കോളായ് കുദഷേവ് വ്യക്തമാക്കി.

കോവിഡിനെതിരായി രാജ്യം വികസിപ്പിച്ച സ്പുട്‌നിക് 5 വാക്‌സിന്‍ ട്രയലുകള്‍ കഴിഞ്ഞ് പൊതുജനങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള സമ്മതം മോസ്‌കോ റഗുലേറ്ററി ബോഡികള്‍ ഇതിനോടകം തന്നെ നല്‍കിക്കഴിഞ്ഞു. സ്പുട്നിക് 5 വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം വിവിധ രാജ്യങ്ങളില്‍ നടത്താനുള്ള ഒരുക്കത്തിലാണ് റഷ്യ. സൗദി, ഫിലിപ്പീന്‍സ്, യുഎഇ, ബ്രസീല്‍ എന്നിവിടങ്ങളില്‍ റഷ്യയുടെ വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം നടക്കും.

അതേസമയം ഇന്ത്യയിലും അത്തരമൊരു മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ നടത്താനുള്ള ആലോചനകള്‍ ഇന്ത്യൻ അധികൃതരുമായി നടക്കുന്നുമുണ്ട്. ഇന്ത്യയുള്‍പ്പടെ 20 രാജ്യങ്ങള്‍ സ്പുട്‌നിക് 5 വാക്‌സിനില്‍ താത്പര്യം പ്രകടിപ്പിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യന്‍ വാക്‌സിനില്‍ വളരെയധികം സംശയം പ്രകടിപ്പിച്ച് ഇതിനോടകം തന്നെ രംഗത്തു വന്നിരുന്നു.

തുടർന്ന് വാക്‌സിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പുവരുത്തുന്ന സമഗ്രമായ പഠനവും കണക്കുകളും റഷ്യന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ഇന്ത്യന്‍ അധികാരികള്‍ക്ക് സമര്‍പ്പിച്ചു. 76 പേരില്‍ നടത്തിയ ഒന്നാം ഘട്ട, രണ്ടാം ഘട്ട ക്ലിനിക്കല്‍ ട്രയലുകളില്‍ വാക്‌സിന്‍ ഫലപ്രദമാണെന്ന് കണ്ടത്തിയിരുന്നു.

Related Articles

Latest Articles