Sunday, October 11, 2026

ചുവപ്പ്, ഓറഞ്ച്, പച്ച മേഖല വേര്‍തിരിക്കല്‍; പുതിയ മാര്‍ഗരേഖയായി

ദില്ലി: കൊറോണ വൈറസ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകള്‍ വേര്‍തിരിക്കാന്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ജില്ലകളെ ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകളായി തരംതിരിക്കുമ്പോള്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പാലിക്കേണ്ട മാനദണ്ഡങ്ങളാണ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയത്. സോണുകള്‍ പുനര്‍ നിര്‍ണ്ണയിക്കുന്നതിന് ഈ മാനദണ്ഡങ്ങള്‍ ബാധകമാകും.

ജില്ലകളെ ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകളായി തരംതിരിക്കാനുള്ള അധികാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നല്‍കിയിരുന്നു.

അതേസമയം കണ്ടെയ്‌നര്‍, ബഫര്‍ സോണുകള്‍ തിരിച്ചറിയാനും അതിര്‍ത്തി നിര്‍ണ്ണയിക്കാനുമുള്ള അധികാരം ജില്ലാ ഭരണകൂടത്തിനാണ്. രോഗബാധിതര്‍, ലക്ഷത്തില്‍ എത്ര പേര്‍ക്കു രോഗം, രോഗബാധിതര്‍ ഇരട്ടിയാകുന്നതിന്റെ നിരക്ക്, മരണനിരക്ക്, പരിശോധന അനുപാതം, രോഗസ്ഥിരീകരണ നിരക്ക് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും മേഖലകള്‍ നിശ്ചയിക്കേണ്ടതെന്ന് മാര്‍ഗരേഖയില്‍ പറയുന്നു.

റെഡ് സോണില്‍ ഉള്‍പ്പെടുത്താനുള്ള മാനദണ്ഡം 200 സജീവ കേസുകളാണ്. എന്നാല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലോ, അവസാനത്തെ 21 ദിവസത്തില്‍ പുതിയ കേസുകളില്ലെങ്കിലോ പച്ച മേഖലയില്‍ ഉള്‍പ്പെടും. ഒരുലക്ഷം ജനസംഖ്യയില്‍ 15 ല്‍ കൂടുതല്‍ സജീവ കേസുകളുണ്ടെങ്കിലും ചുവപ്പ് മേഖലയില്‍ ഉള്‍പ്പെടുത്തുമെന്നും മാര്‍ഗരേഖയില്‍ ചൂണ്ടിക്കാട്ടി.

Related Articles

Latest Articles