തിരുവനന്തപുരം : ലോക്ക്ഡൗണ്‍ കാലത്ത് അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നടപടികളുമായി പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങള്‍. അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ വാട്‌സ്‌ആപ്പിലും ഇ മെയിലിലും ഓര്‍ഡര്‍ സ്വീകരിക്കാനാണ് പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ തീരുമാനം.
രോഗബാധിതര്‍ അയച്ചുകൊടുക്കുന്ന പ്രിസ്‌ക്രിപ്ഷനനുസരിച്ച് അവരുടെ വീട്ടുപടിക്കല്‍ മരുന്നുകള്‍ എത്തിച്ചു നല്‍കും. ഇപ്പോൾ നിരവധി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ വാട്‌സ്‌ആപ്പ് പോലുള്ള നവ മാധ്യമ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.ഇത് ആവശ്യക്കാര്‍ക്ക് മരുന്നുകള്‍ കൃത്യസമയത്ത് ലഭ്യമാക്കുന്നതിന് സഹായകമാകുമെന്നും മികച്ച സേവനം ഉറപ്പാക്കുന്നുവെന്നും കേന്ദ്ര മന്ത്രി ഡി വി സദാനന്ദ ഗൗഡ പറഞ്ഞു.
കൂടാതെ,ഉള്‍പ്രദേശങ്ങളിലുള്ള സ്റ്റോറുകളിലേയ്ക്ക് തപാല്‍ വകുപ്പിന്റെ സഹായത്തോടെ മരുന്നുകള്‍ വിതരണം ചെയ്യാനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.അതേസമയം,ലോക്ക്ഡൗണ്‍ കാലത്ത് മരുന്നു വിതരണം തടസ്സപ്പെടാതിരിക്കാന്‍ ഏറെ ആവശ്യക്കാരുള്ള 178 മരുന്നുകള്‍ക്കായി 186.52 കോടി രൂപയുടെ ഓര്‍ഡര്‍ ബി.പി.പി.ഐ നല്‍കിക്കഴിഞ്ഞു.ഉപഭോക്താക്കളുടെയും സ്റ്റോര്‍ ഉടമകളുടെയും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകളും സജ്ജമാക്കി.

