Monday, May 20, 2024
spot_img

ഡൽഹിയിൽ നിന്ന് ആദ്യ ട്രെയിന്‍ തിരുവനന്തപുരത്തെത്തി ; ആറ് പേര്‍ക്ക് രോഗലക്ഷണം, കനത്ത ജാഗ്രതയിൽ തലസ്ഥാനം…

ന്യൂഡല്‍ഹിയില്‍ നിന്നുള്ള ആദ്യ തീവണ്ടി തിരുവനന്തപുരത്തെത്തി. പുലര്‍ച്ചെ അഞ്ചരയോടെയാണ് രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിന്‍ (02432) തലസ്ഥാനത്ത് എത്തിയത്. 602 യാത്രക്കാരാണ് തിരുവനന്തപുറത്തിറങ്ങിയത്. ലോക്ക് ഡൗണിനിടയില്‍ കേരളത്തിലേക്ക് യാത്രക്കാരുമായി എത്തുന്ന ആദ്യ തീവണ്ടിയാണിത്. ന്യൂഡല്‍ഹി റെയില്‍വെ സ്‌റ്റേഷനില്‍ നിന്ന് ബുധനാഴ്ച രാവിലെ 11.25 ന് യാത്ര ആരംഭിച്ച ട്രെയിനിന് കോട്ട, വഡോദര, പന്‍വേല്‍, മഡ്ഗാവ്, മംഗളൂരു, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകള്‍ ഉണ്ടായിരുന്നത്.

കേരളത്തിലെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ ഇന്നലെ രാത്രി 10 മണിക്കാണ് തീവണ്ടി എത്തിയത്. 216 യാത്രക്കാരാണ് അവിടെ ഇറങ്ങിയത്. രണ്ടാമത്തെ സ്‌റ്റോപ്പായ എറണാകുളം സൗത്ത് ജംഗ്ഷനില്‍ പുലര്‍ച്ചെ 1.40 നാണ് എത്തിയത്. 269 യാത്രക്കാര്‍ അവിടെ ഇറങ്ങി. പുലര്‍ച്ചെ അഞ്ചരയോടെയാണ് രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിന്‍ (02432) തലസ്ഥാനത്ത് എത്തിയത്. 602 യാത്രക്കാരാണ് തിരുവനന്തപുരത്ത് ഇറങ്ങിയത്. ഒരു എസി ഫസ്റ്റ് ക്ലാസ്, 5 സെക്കന്‍ഡ് എസി, 11 തേര്‍ഡ് എസി കോച്ചുകളിലായി 1100 യാത്രക്കാരായിരുന്നു ആകെ തീവണ്ടിയില്‍ ഉണ്ടായിരുന്നത്.

വ്യാഴാഴ്ച രാത്രി 10 മണിക്ക് കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലെത്തിയ 216 യാത്രക്കാരില്‍ 6 പേര്‍ക്ക് രോഗലക്ഷണം കണ്ടെത്തി. ഇതേതുടര്‍ന്ന്, ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചത്. കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ യാത്രക്കാരുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു.

റെയില്‍വെ സ്‌റ്റേഷനുകളില്‍ എത്തിയ യാത്രക്കാര്‍ക്ക് വൈദ്യപരിശോധനയ്ക്കു ശേഷം രോഗലക്ഷണം ഇല്ലാത്തവര്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ഹോം ക്വാറന്റീന്‍ അനുവദിച്ചു. ഹോം ക്വാറന്റീന്‍ പാലിക്കാനാകാത്തവര്‍ക്ക് ഇന്‍സ്റ്റിട്യൂഷണൽ ക്വാറന്റീന്‍ സൗകര്യമാണ് ഒരുക്കിയത്. രോഗലക്ഷണമുള്ളവരെ തുടര്‍ പരിശോധനകള്‍ക്കു വിധേയരാക്കി ആവശ്യമെങ്കില്‍ ചികിത്സാകേന്ദ്രത്തിലേക്കു കൊണ്ടു പോകാനും ആരോഗ്യവകുപ്പ് ജീവനക്കാര്‍ സ്റ്റേഷനുകളില്‍ സൗകര്യമൊരുക്കി. എല്ലാ യാത്രക്കാരുടെയും ലഗേജ് അണുമുക്തമാക്കാനും സൗകര്യമൊരുക്കിയിരുന്നു.

Related Articles

Latest Articles