Tuesday, May 28, 2024
spot_img

ധീര സൈനികരുടെ ത്യാഗം വെറുതെയാവില്ല. പ്രകോപിപ്പിച്ചാൽ മറുപടി ചെറുതാകില്ല; പ്രധാനമന്ത്രി

ദില്ലി: ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ ജീവന്‍ വെടിഞ്ഞ ധീരസൈനികരുടെ ത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ”ഇന്ത്യ എന്നും സമാധാനമാണ് ആഗ്രഹിച്ചത്. പക്ഷേ, പ്രകോപിപ്പിച്ചാല്‍ കനത്ത മറുപടി കൊടുക്കാന്‍ ഇന്ത്യ സര്‍വസജ്ജമാണ്. അതെന്ത് തരം സാഹചര്യവുമാകട്ടെ”, എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഞ്ഞടിച്ചു. കൊവിഡ് പ്രതിസന്ധി വിലയിരുത്താന്‍ വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിന് തൊട്ടുമുമ്പാണ് മോദി ഈ പ്രസ്താവന നടത്തിയത്.

”ചൈനയോട് ഏറ്റുമുട്ടി മരിച്ച സൈനികരെക്കുറിച്ചോര്‍ത്ത് രാജ്യം അഭിമാനം കൊള്ളുന്നു”, എന്ന് പറഞ്ഞ പ്രധാനമന്ത്രി, അവരുടെ വീരമൃത്യുവില്‍ ആദരമര്‍പ്പിച്ച് രണ്ട് മിനിറ്റ് മൗനമാചരിക്കുകയും ചെയ്തു. അതിന് ശേഷമാണ് യോഗം തുടങ്ങിയത്.

”നമ്മുടെ സൈനികരുടെ ത്യാഗം വെറുതെയാകില്ല. ഇന്ത്യയെ സംബന്ധിച്ച് നമ്മുടെ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും പരമാധികാരവും പരമപ്രധാനമാണ്”, പ്രധാനമന്ത്രി പറഞ്ഞു.

വെള്ളിയാഴ്ച ഇന്ത്യ – ചൈന അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ മോദി സര്‍വകക്ഷിയോഗം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി വിളിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ചേരുന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തിരുന്നു. ഇതാദ്യമായാണ് പ്രധാനമന്ത്രി അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയെക്കുറിച്ച് പ്രതികരിക്കുന്നത്.

ഇന്ത്യ – ചൈന അതിര്‍ത്തിയില്‍ തിങ്കളാഴ്ച വൈകിട്ടുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ചത് 20 സൈനികരാണ്. ഒരു കേണല്‍ ഉള്‍പ്പടെയുള്ള ഇവരുടെ പേരുവിവരങ്ങള്‍ കരസേന പുറത്തുവിട്ടിരുന്നു. തെലങ്കാന, പഞ്ചാബ്, ഒഡിഷ, തമിഴ്‌നാട്, ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വീണു പരിക്കേറ്റ നിലയിലും, വടിയുള്‍പ്പടെയുള്ള ആയുധങ്ങള്‍ കൊണ്ട് പരിക്കേറ്റ നിലയിലും, പൂജ്യത്തിനും താഴെ താപനിലയുള്ള ഇടത്തേയ്ക്ക് വീണ് തണുത്തുവിറച്ചുമാണ് ഇവരുടെ ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനീസ് ഭാഗത്തും മരണങ്ങളുണ്ടായിട്ടുണ്ട്. ഒരു കമാന്‍ഡിംഗ് ഓഫീസറുള്‍പ്പടെ 40-ലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് വാര്‍ത്താഏജന്‍സിയായ എഎന്‍ഐ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related Articles

Latest Articles