Wednesday, May 15, 2024
spot_img

പത്തനംതിട്ട ഒടുവിൽ കോവിഡ് ‘ഫ്രീ’

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന അവസാന വ്യക്തിയും ഇന്ന് ആശുപത്രി വിട്ടു. ആറന്മുള സ്വദേശി കഴിഞ്ഞ 42 ദിവസമായി പത്തനംതിട്ട ജനറല്‍ ആശുപത്രില്‍ ചികിത്സയിലായിരുന്നു. ഇതോടെ പത്തനംതിട്ട ജില്ല ഒടുവില്‍ രോഗമുക്തമാകുകയാണ്.

തുടര്‍ച്ചയായ രണ്ടാം പരിശോധന ഫലവും നെഗറ്റീവായതോടെയാണ് രോഗിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ തീരുമാനമായത്. യുകെയില്‍ നിന്ന് തിരികെയെത്തിയ ഇയാള്‍ക്ക് മാര്‍ച്ച് 25നാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചികിത്സയിലിരിക്കെ 22 തവണയാണ് ഇയാളുടെ ശ്രവം പരിശോധിച്ചത്. 21-ാമത്തെ പരിശോധനയില്‍ ആദ്യമായി കൊവിഡ് നെഗറ്റീവായി, 22-ാം പരിശോധനയിലും കൊവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് വന്നതോടെ രോഗമുക്തനായെന്ന് സ്ഥിരീകരിച്ച് ആശുപത്രിയില്‍ നിന്ന് വിട്ടയക്കാന്‍ തീരുമാനിച്ചു. ആശുപത്രി വിടുമെങ്കിലും ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ തുടരും.

കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ ആദ്യമായി കൊവിഡ് രോഗം സ്ഥിരീകരിച്ച ജില്ലയാണ് പത്തനംതിട്ട. നേരത്തെ പത്തനംതിട്ടയില്‍ തന്നെ 62 കാരിക്ക് 42 ദിവസം കഴിഞ്ഞാണ് രോഗം ഭേദമായത്. ഇവര്‍ക്ക് 21-ാമത്തെ പരിശോധനയില്‍ മാത്രമായിരുന്നു കൊവിഡ് നെഗറ്റീവായത്. ഇത് വരെ 17 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 16 പേരും നേരത്തെ രോഗമുക്തമായിരുന്നു.
ഏപ്രില്‍ പന്ത്രണ്ടിന് ശേഷം പത്തനംതിട്ടയില്‍ പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല,

Related Articles

Latest Articles