പന്തീരാങ്കാവ്: ചാലിയാറിന് സമീപത്തെ വീട്ടില്‍ നിന്ന് കാണാതായ കുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. പൊക്കുന്ന് ചങ്ങരോത്ത് മീത്തല്‍ സച്ചിദാനന്ദന്റെ മകന്‍ ശബരീനാഥി(14)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കിണാശ്ശേരി ഗവ: ഹയര്‍ സെക്കണ്ടറിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശബരീനാഥ്. അറപ്പുഴ തട്ടാരക്കല്‍ പുനത്തില്‍ മീത്തല്‍ ഷാജിയുടെ മകന്‍ ഹരിനന്ദ് (13)നായി തിരച്ചില്‍ തുടരുകയാണ്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഇരുവരേയും കാണാതായത്
ഷാജിയുടെ സഹോദരിയുടെ മകനായ ശബരീനാഥ് അറപ്പുഴയിലെ വീട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു. അടുത്ത വീട്ടിലേക്ക് പണം നല്‍കാന്‍ പറഞ്ഞയച്ച ഇരുവരും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ തിരച്ചില്‍ തുടങ്ങിയത്.
വീട്ടില്‍ നിന്നും ഏതാനും വാര അകലത്തിലുള്ള ചാലിയാറിന് സമീപം കുട്ടികളെ കണ്ടിരുന്നെന്ന നാട്ടുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും പുഴയില്‍ നടത്തിയ തിരച്ചിലിലാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്.

