Saturday, May 18, 2024
spot_img

നഷ്ടങ്ങളുടെ വർഷത്തിൽ നികത്താനാവാത്ത ഒരു നഷ്ടം കൂടി; പ്രിയ സച്ചിയ്ക്ക് വിട നൽകി മലയാള ചലച്ചിത്ര ലോകം

നഷ്ടങ്ങളുടെ വർഷത്തിൽ നികത്താനാവാത്ത ഒരു നഷ്ടം കൂടി . മലയാള സിനിമയിലെ ഹിറ്റ് മേക്കാരിലൊരാളും സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ( കെ. ആർ. സച്ചിദാനന്ദൻ)യ്ക്ക് വിട നൽകി സിനിമ ലോകം .വ്യാഴാഴ്ച് രാത്രി 10.35 ഓടെയായിരുന്നു അന്ത്യം . വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ഇടുപ്പ് ശസ്ത്രക്രിയ കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ നേരിട്ട ശാരീരിക അസ്വസ്ഥതകൾ ഹൃദയാഘാതത്തിലേക്കും മസ്തിഷ്ക മരണത്തിലേക്കും നയിക്കുകയായിരുന്നു .

സച്ചിയുടെ വിയോഗത്തിൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി . അദ്ദേഹത്തിന്റെ വേർപാടിൽ ഒറ്റവാക്കിൽ ദുഃഖം ഒതുക്കി യാണ് നടൻ പൃഥ്വിരാജ് അനുശോചനം രേഖപ്പെടുത്തിയിരിക്കുന്നത് . ‘ പോയി’ എന്ന ഒറ്റവാക്കിൽ സച്ചിയുടെ ചിത്രവും ഉൾക്കൊള്ളിച്ചാണ് പൃഥ്വിരാജിന്റെ ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ . സച്ചിയുടെ ആദ്യ ചിത്രമായ ചോക്ക്‌ളേറ്റ് മുതൽ അവസാന ചിത്രമായ അയ്യപ്പനും കോശിയും വരെയുള്ള പ്രവർത്തന പരിചയവും സൗഹൃദവും പൃഥ്വിരാജിന് ഉണ്ട് .

” പ്രിയപ്പെട്ട സച്ചി രാമലീലയിലൂടെ എനിക്ക് ജീവിതം തിരിച്ചു തന്ന നീ വിടപറയുമ്പോള്‍ വാക്കുകള്‍ മുറിയുന്നു” , എന്ത് പറയാൻ …. ഒരിക്കലും മറക്കാനാവാത്ത സഹോദരന്റെ വേർപാടിൽ കണ്ണീർ അഞ്ജലി. ദിലീപ് ഫേസ്ബുക്കിൽ കുറിച്ചു .

അകാലത്തില്‍ അണഞ്ഞു പോയ പ്രതിഭ എന്നാണ് സച്ചിയെ അനുസ്മരിച്ച്‌ നടൻ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. പ്രിയപ്പെട്ട സച്ചിക്ക് ആദരാഞ്ജലികള്‍ എന്നായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം . സച്ചിയുടെ വിയോഗം ഉള്‍ക്കൊള്ളാനാകുന്നില്ലെന്നാണ് സംവിധായകന്‍ സേതു പ്രതികരികരിച്ചത് .

ഞങ്ങളറിയുന്ന സച്ചി, കാലുഷ്യങ്ങളൊന്നുമില്ലാത്ത ഒരു പച്ച മനുഷ്യനായിരുന്നു. സച്ചിയുടെ ഈ കടന്ന് പോക്ക്‌ മലയാള സിനിമയ്ക്ക്‌ ഈ കൊറോണാ കാലത്ത്‌ ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ ആഘാതമാണ്‌. പ്രിയ സുഹൃത്തേ, വിട,’ തിരക്കഥാകൃത്തും സംവിധായകനുമായ ബി ഉണ്ണിക്കൃഷ്ണന്‍ കുറിച്ചു.

ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാള സിനിമയുടെ മുഖ്യധാരയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് സച്ചിയുടെ മടക്കം . അഭിഭാഷക വൃത്തി ഉപേക്ഷിച്ചാണ് സച്ചിയുടെ സിനിമയിലേക്കുള്ള വരവ് . കോടതി മുറിയിൽ നിന്ന് സിനിമയിലേക്കെത്തിയ സച്ചിയുടെ ജീവിതം ഒരു സിനിമ കഥപോലെ ആയിരുന്നു . കന്നി അനുഭവങ്ങൾ അത്ര ത്രസിപ്പിക്കുന്നതായിരുന്നില്ല . സംവിധാനം ചെയ്യാനിരുന്ന ആദ്യ സിനിമ പൂജയ്ക്ക് പിന്നാലെ ഉപേക്ഷിക്കേണ്ടി വന്നു . ശരിക്കും പറയുകയാണെങ്കിൽ സച്ചിയുടെ ജീവിതം ചെറുത്തു നില്പിന്റെയും അതിജീവനത്തിന്റേതുമായിരുന്നു .

പഠനകാലത്തെ സച്ചി അമച്വർ നാടകകങ്ങളിൽ സജീവമായിരുന്നു . നാടകങ്ങളില്‍ അഭിനേതാവായിട്ടും തിളങ്ങി.കൊടുങ്ങല്ലൂരിലെ നാടകമേഖലയിലും ഫിലിം സൊസൈറ്റി രംഗത്തും സജീവമായിരുന്നു.എറണാകുളം ലോ കോളജിലെ അഭിഭാഷകപഠനത്തിനുശേഷം ഹൈക്കോടതിയില്‍ എട്ടുവര്‍ഷത്തോളം ക്രിമിനല്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.

ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായിട്ടാണ് തുടക്കം. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നിവ സംവിധാനം ചെയ്തു. രണ്ടും വലിയ കച്ചവട വിജയങ്ങളായി മാറി . അവസാനമിറങ്ങിയ ഡ്രൈവിങ് ലൈസന്‍സും അയ്യപ്പനും കോശിയും വന്‍വിജയമായിരുന്നു. 12 സിനിമകള്‍ക്ക് തിരക്കഥയെഴുതി. ഇതിനിടെ സുഹൃത്തുക്കള്‍ക്കൊപ്പം ‘ചേട്ടായീസ്’ നിര്‍മിച്ചു.വാണിജ്യ ഘടകങ്ങൾ കൃത്യമായി ചേർത്തിളക്കിയ രചനകളാണ് സച്ചിയേ രചയിതാവെന്ന നിലയിലും സംവിധായകനെന്ന നിലയിലും പ്രേക്ഷകരോട് അടുപ്പിച്ചത് . രചയിതാവ് എന്ന നിലയിൽ സച്ചിയുടെ മൂല്യം വർധിപ്പിച്ച സിനിമയാണ് നടൻ ദിലീപിനെ നായകനാക്കിയ രാമ ലീല . സൈബർ ആക്രമണങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് വിധേയമായെങ്കിലും ചിത്രം പ്രേക്ഷകർക്കിടയിൽ ചർച്ചാവിഷയമായി മാറി .

സച്ചി ആശുപത്രിയിലായെന്ന വാർത്ത വന്നപ്പോൾ മുതൽ എല്ലാവരും അദ്ദേഹത്തിന്റെ സിനിമയിലെന്ന പോലെ തന്നെ ഒരു മികച്ച ട്വിസ്റ്റ് നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു .മരണത്തിന് കീഴടങ്ങാതെ പൂർവ്വാധികം ആരോഗ്യത്തോടെ ഒരു അത്ഭുത തിരിച്ചു വരവ് എന്നാൽ , ആഗ്രഹങ്ങളും, കർമ്മങ്ങളും പാതിവഴിയിൽ ഉപേക്ഷിച്ച്‌ സച്ചി എല്ലാവരെയും വിട്ട് യാത്രയായി .

Related Articles

Latest Articles