Monday, April 29, 2024
spot_img

പ്രധാനമന്ത്രിയുടെ ചരിത്രപ്രഖ്യാപനം; വിപണി ഉണരുന്നു, മുന്നേറുന്നു, ഒപ്പം ഇന്ത്യൻ രൂപയും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി 20 ട്രില്യണ്‍ രൂപയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യന്‍ വിപണിയില്‍ രണ്ട് ശക്തമായ മുന്നേറ്റങ്ങൾ. കൊവിഡ് പാക്കേജ് വിപണി ആവശ്യകത വര്‍ധിപ്പിക്കുകയും വ്യവസായിക ഉല്‍പാദനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നാണ് കണക്കാക്കുന്നത്.

ഇന്ന് വൈകിട്ട് നാലിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പാക്കേജ് വിശദീകരിക്കും. ധനമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തെ ഏറെ പ്രതീക്ഷയോടെയാണ് നിക്ഷേപകര്‍ കാണുന്നത്.

ബിഎസ്ഇ സെന്‍സെക്‌സ് 713 പോയിന്റ് ഉയര്‍ന്ന് 32,080 ലേക്കും നിഫ്റ്റി 50 സൂചിക 9,400 ലെവലിലും എത്തി. മാരുതി സുസുക്കി ഇന്ത്യയുടെ മാര്‍ച്ച് പാദ ഫലങ്ങള്‍ പുറത്തുവരാനിരിക്കെ ഓഹരിയില്‍ ആറ് ശതമാനം മുന്നേറ്റം പ്രകടമാണ്.

പൊതുജനങ്ങളുടെ കൈവശമുളള ഓഹരികള്‍ വാങ്ങി സ്ഥാപനത്തെ ഏറ്റെടുക്കുമെന്ന് പ്രൊമോട്ടര്‍ അനില്‍ അഗര്‍വാള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് വേദാന്ത 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ടില്‍ എത്തി.

നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചികയുടെ നേതൃത്വത്തില്‍ എല്ലാ നിഫ്റ്റി മേഖല സൂചികകളും അഞ്ച് ശതമാനം ഉയര്‍ന്നു. മാരുതി സുസുക്കിയും മറ്റ് ഒമ്പത് സ്ഥാപനങ്ങളും തങ്ങളുടെ മാര്‍ച്ച് പാദ ഫലങ്ങള്‍ ഇന്ന് പുറത്തുവിടും.

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളുടെ ലാഭം മുന്‍ വര്‍ഷത്തെക്കാള്‍ 40 ശതമാനം കുറയാനിടയുണ്ട്. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും മുന്നേറ്റമുണ്ട്. വ്യാപാരം ആരംഭിച്ചപ്പോള്‍ രൂപയുടെ മൂല്യം 75.30 എന്ന നിലയിലാണ്.

Previous article
Next article

Related Articles

Latest Articles