Monday, May 20, 2024
spot_img

ബംഗളൂരുവിനെ വിറപ്പിച്ച ‘ഗ്യാങ്സ്റ്റർ’ മുത്തപ്പറായി അന്തരിച്ചു.വിയോഗം അർബുദ ബാധയെത്തുടർന്ന്…

അധോലോക മാഫിയ തലവൻ…വിശേഷണം അങ്ങനെയാണെങ്കിലും, മംഗലൂരുവിലെ കുലീന കുടുംബത്തില്‍ ജനിച്ച് ബംഗലുരു നഗരത്തിലെ അധോലോക നായകനായി 30 വര്‍ഷത്തോളം ജീവിച്ച മുത്തപ്പ റായ് നാട്ടുകാര്‍ക്ക് ഒരു കൊള്ളക്കാരനല്ല., ബിസിനസുകാരനും സാമൂഹിക പ്രവർത്തകനുമായിരുന്നു. അദ്ദേഹത്തിന്റെ പെരുമാറ്റവും ജീവിതവും അത്തരത്തിലായിരുന്നു. വിദ്യാസമ്പന്നനും മനംകവരുന്ന സ്വഭാവ സവിശേഷതകള്‍ക്കും ഉടമയായിരുന്നു മുത്തപ്പ റായ്.

ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിലുള്ള ഉയര്‍ന്ന സമുദായമായ ബന്റ് സമുദായത്തില്‍പെട്ടയാണ് മുത്തപ്പ റായ്. ഐശ്വര്യ റായ്, ശില്‍പ ഷെട്ടി, സുനീല്‍ ഷെട്ടി തുടങ്ങിയവര്‍ ഈ സമുദായത്തില്‍ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ ദക്ഷിണ കന്നഡയില്‍ ഒരു ചൊല്ലുമുണ്ട. ‘ബന്റുകള്‍ എവിടെയും കാണും. അത് മിസ് വേള്‍ഡ് മുതല്‍ അണ്ടര്‍ വേള്‍ഡ് വരെ നീളും.’ സമുദായത്തിന്റെ സാഹസികതയുടെയും എത്ര വലിയ വെല്ലുവിളിയും നേരിടാനുള്ള തന്റേടവുമാണ് ഇതു കാണിക്കുന്നത്.

അര്‍ബുദ രോഗത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മുത്തപ്പ റായ് മരണമടഞ്ഞത്. 68 വയസ്സായിരുന്നു. കൊമേഴ്‌സ് ബിരുദധാരിയായ മുത്തപ്പ റായ് വിജയ ബാങ്കില്‍ ഓഫീസര്‍ ആയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1980കളുടെ അവസാനത്തില്‍ ബംഗലൂരുവിലെ അധോലോക നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയാണ് മുത്തപ്പയുടെ ജീവിതം മാറ്റിമറിച്ചത്. അന്നുവരെ ബംഗലൂരു നഗരത്തെ വിറപ്പിച്ചിരുന്ന എം.പി ജയ്‌രാജിനെ വധിച്ചതോടെ മാഫിയ തലവന്‍ പട്ടം മുത്തപ്പ റായ്ക്ക് ചാര്‍ത്തിക്കിട്ടി. പിന്നീട് അതില്‍ ഒരു ഇളക്കവും സംഭവിച്ചിട്ടുമില്ല.

ജീവിതത്തില്‍ നേരിട്ട രണ്ട് വലിയ വെല്ലുവിളികളാണ് മുത്തപ്പയെ കൂടുതല്‍ കരുത്തനാക്കിയത്. 1991ല്‍, സാമ്പത്തിക ഉദാരവത്കരണം ഊര്‍ജിതമായ കാലം. റിയല്‍ എസ്‌റ്റേറ്റ് മേഖല പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്ന സമയം. റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ കുടിപ്പകകളും തുടങ്ങിയിരുന്നു. ഒരു പ്രദേശത്ത് പരിശോധനയ്ക്ക് എത്തിയ മുത്തപ്പയ്ക്കു നേരെ ആക്രമണം നടന്നു. അഞ്ചു വെടിയുണ്ടകളാണ് ശരീരത്തുനിന്നും പുറത്തെടുത്തത്.

1994ലെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു രണ്ടാമത്തെ ആക്രമണം. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ജയന്ത് റായ് ഓഫീസില്‍ വെടിയേറ്റു മരിച്ചു. ഒരു രാഷ്ട്രീയ കൊലപാതകമായിരുന്നില്ല അത്. തന്റെ വലംകൈ ആയിരുന്ന ജയന്തിന്റെ വധം യഥാര്‍ത്ഥത്തില്‍ ഞെട്ടിച്ചത് മുത്തപ്പയെ ആയിരുന്നു. ഇതോടെയാണ് ബംഗലൂരുവിലേക്ക് തന്റെ തട്ടകം മാറ്റാന്‍ മുത്തപ്പ തീരുമാനിച്ചത്. അതുവരെ ജന്മനാടായ പുത്തൂര്‍ ആയിരുന്നു താവളം.

1990ല്‍ ദാവൂദ് ഇബ്രാഹിമിന്റെ വലംകൈ ആയിരുന്ന ശരദ് ഷെട്ടിയുമായി മുത്തപ്പ ബന്ധം സ്ഥാപിച്ചു. ബംഗലൂരുവിലെ ബന്റ് സമുദായത്തില്‍ നിന്നുള്ള ആളുതന്നെയാണ് ശരദ് ഷെട്ടി. ഡി കമ്പനിയുടെ ദുബായിലെ ബിസിനസ് നോക്കിയിരുന്നത് ശരദ് ഷെട്ടി ആയിരുന്നു. ക്രിക്കറ്റ് വാതുവായ്പിന്റെയും ചുമതല ഇയാള്‍ക്കായിരുന്നു. മുത്തപ്പയ്ക്ക് ഇയാള്‍ ദുബായില്‍ സുരക്ഷിത താവളമൊരുക്കി.

2000ല്‍ ശരദ് ഷെട്ടിയുടെ യുഗം അവസാനിച്ചതോടെ മുത്തപ്പ റായ് ഗള്‍ഫ് വിട്ടു. ശരദ് ഷെട്ടിയെ ഒറ്റിക്കൊടുത്തത് മുത്തപ്പയാണെന്ന ആരോപണവും ശക്തമാണ്.

1990കളില്‍ ബംഗലൂരുവില്‍ ശ്രീധര്‍ എന്ന ലോക്കൽ ഗുണ്ടയുമായി മുത്തപ്പ ഏറ്റുമുട്ടി. ശ്രീധറിനെ വധിക്കാന്‍ മുത്തപ്പ ശ്രമിച്ചുവെങ്കിലും കൊല്ലപ്പെട്ടത് ഡ്രൈവര്‍ആയിരുന്നു. ഇത് ശ്രീധറിനെ മാറ്റിമറിച്ചു. മാഫിയ പ്രവര്‍ത്തനം നിര്‍ത്തിയ ശ്രീധര്‍ പിന്നീട് ‘അഗ്നി’ എന്ന ടാബ്‌ലോയിഡും സിനിമാ നിര്‍മ്മാണ കമ്പനികളും നടത്തുകയാണ്.

2000ന്റെ തുടക്കത്തില്‍ യു.എ.ഇയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ മുത്തപ്പയ്ക്ക് ചില കേസുകളില്‍ പെട്ട് ഏതാനും മാസം ജയിലില്‍ കിടക്കേണ്ടിവന്നു. പിന്നീട് കുറ്റവിമുക്തനായി പുറത്തുവന്നു. ബംഗലൂരുവിന്റെ സമീപപ്രദേശത്ത് വലിയ കോട്ട സ്ഥാപിച്ച് അതിനുള്ളിലിരുന്നായിരുന്നു മാഫിയ പ്രവര്‍ത്തനം നിയന്ത്രിച്ചിരുന്നത്.

കന്നഡ സാമൂഹിക പ്രവര്‍ത്തകനായി കഴിഞ്ഞ 15 വര്‍ഷത്തോളം പ്രവര്‍ത്തിച്ച മുത്തപ്പ ‘ജയ കര്‍ണാടക’ എന്ന പേരില്‍ ഒരു സംഘനയുമുണ്ടാക്കി. നഗരത്തില്‍ നിരവധി പ്രശ്‌നങ്ങളാണ് ഈ സംഘടനയുണ്ടാക്കിയത്. പിടിച്ചുപറി കേസുകളില്‍ വരെ ഉള്‍പ്പെട്ടവര്‍ ഈ സംഘടനയിലുണ്ടായിരുന്നു.

അഫ്ഗാനിസ്താനില്‍ ഇന്ത്യയുടെ ചാരസംഘടനയായ റോയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അതേതുടര്‍ന്നാണ് സുരക്ഷിതനായി സ്വദേശത്തേക്ക് മടങ്ങാന്‍ കഴിഞ്ഞതെന്നും മുത്തപ്പ അവകാശപ്പെട്ടിരുന്നു. രാജ്യത്തിനു വേണ്ടി വിദേശത്തു പ്രവര്‍ത്തിച്ച താന്‍ ശരിക്കും ദേശസ്‌നേഹിയാണെന്നാണ് മുത്തപ്പ പറഞ്ഞിരുന്നത്.

കര്‍ണാടകയില്‍ പലയിടത്തായി കോടിക്കണക്കിന് രൂപയുടെ ഭൂസ്വത്ത് മുത്തപ്പക്കുണ്ടെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ പറയുന്നു. അതേസമയം, മുത്തപ്പയുടെത് അനുയായികള്‍ കെട്ടിപ്പൊക്കിയ പ്രതിച്ഛായ മാത്രമാണെന്നും അയാള്‍ വെറും പിടിച്ചുപറിക്കാരന്‍ മാത്രമാണെന്നും സാമൂഹിക പ്രവര്‍ത്തകന്റേയും പരിഷ്‌കാരിയുടെയും വേഷം അണിയുന്നതാണെന്നും പോലീസ് പറയുന്നു.

രണ്ടു തവണ വിവാഹിതനായ മുത്തപ്പയ്ക്ക് രണ്ട് ആണ്‍മക്കളുമുണ്ട്.എന്തായാലും മുത്തപ്പയുടെ മരണത്തോടെ വിടവാങ്ങിയത് ബംഗളൂരു നഗരത്തിലെ അവസാന മാഫിയ തലവനാണ്…

Related Articles

Latest Articles