പാറശാല : തമിഴ്‌നാട്ടില്‍ നിന്നും അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് മദ്യം കടത്തൽ പതിവാകുന്നു. അതിര്‍ത്തിമേഖലകളില്‍ നിരീക്ഷണത്തിലുള്ള പോലീസിൻ്റെയും എക്‌സൈസിന്റെയും കണ്ണ് വെട്ടിച്ചാണ് കേരളത്തിലേക്ക് മദ്യമൊഴുകുന്നത്.കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്‌ടറും സംഘവും നടത്തിയ പരിശോധനയില്‍ ഹോണ്ട സ്‌കൂട്ടറില്‍ വില്‍പ്പനക്കായി കടത്തികൊണ്ടുവന്ന 51 കുപ്പികളിലായി 9.18 ലിറ്റര്‍ തമിഴ്‌നാട് മദ്യം പിടികൂടിയിരുന്നു. മദ്യം കടത്തികൊണ്ടു വന്ന നെയ്യാറ്റിന്‍കര പുന്നക്കാട് സ്വദേശി ശ്യംകുമാറിനെ പ്രതിയാക്കി കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.ഊടുവഴികളിലൂടെയും സ്വകാര്യ വ്യക്‌തികളുടെ തെങ്ങിന്‍തോപ്പുകള്‍ക്കിടയിലൂടെയും മദ്യംവാങ്ങി അതിര്‍ത്തി കടത്തുന്നതാണ് പതിവ്.
അതിര്‍ത്തി കടക്കുന്ന മദ്യത്തിന് സംസ്ഥാനത്ത് ഇരട്ടി തുകയാണ് ഈടാക്കുന്നത്. തമിഴ്‌നാട് മദ്യം മൂന്നിരട്ടിയോളം വിലയ്‌ക്കാണ് സംസ്‌ഥാനത്ത് വില്‍പന നടത്തുന്നത്. സംസ്‌ഥാന അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന തമിഴ്‌നാട് മദ്യശാലകള്‍ തുറന്നതാണ് മേഖലയില്‍ തമിഴ്‌നാട് മദ്യത്തിന്റെ ഒഴുക്ക് വര്‍ധിക്കാൻ കാരണം. വരും ദിവസങ്ങളിലും ശക്‌തമായ പരിശോധനകള്‍ നടത്തുമെന്നും എക്‌സൈസ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

