Wednesday, January 7, 2026

മദ്യവിതരണം വൈകിയതുകൊണ്ട് ഒരു നഷ്ടവുമില്ല;മന്ത്രി

തിരുവനന്തപുരം: മദ്യവിതരണത്തിനുള്ള ആപ്പ് വൈകിയത് കൊണ്ട് സംസ്ഥാനത്തിന് വരുമാന നഷ്ടം ഉണ്ടായിട്ടില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ. ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആപ്ലിക്കേഷൻ നിർമ്മിക്കുന്ന സോഫ്റ്റ്‌വെയർ കമ്പനിയുമായി സിപിഎമ്മിന് ബന്ധമുണ്ടെന്നത് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണ്. അതിൽ സിപിഎമ്മിന് യാതൊരു ബന്ധവുമില്ല. ഇത്തരം ആരോപണങ്ങൾക്ക് ഇപ്പോൾ മറുപടി പറയേണ്ട കാര്യമില്ല. സോഫ്റ്റുവെയർ കമ്പനിയെ തെരഞ്ഞെടുത്തത് ഐടി വകുപ്പാണ്, എക്സൈസ് വകുപ്പല്ല. ഈ കമ്പനിക്ക് ഇതിനുള്ള ശേഷിയുണ്ടോയെന്ന് പരിശോധിച്ച ശേഷമാണ് ഈ തെരഞ്ഞെടുപ്പ് നടന്നതെന്നും മന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്ത് ഓൺലൈൻ മദ്യവിൽപ്പനക്കുള്ള ആപ്പിന് സാങ്കേതിക അനുമതി കാത്തിരിക്കുകയാണ്. ലോക്ക് ഡൗൺ കാരണം അടച്ചിട്ട മദ്യശാലകൾ തുറക്കുമ്പോൾ വലിയ തിരക്ക് ഉണ്ടാകും. അത് ഒഴിവാക്കാൻ ഒരു സിസ്റ്റം ഉണ്ടായേ പറ്റു. അതിന് വേണ്ടിയാണ് ആപ്പിനെ കുറിച്ച് ആലോചിച്ചത്. അത് കുറ്റമറ്റ നിലയിലായിരിക്കണം നടപ്പാക്കേണ്ടത്. അതുകൊണ്ടാണ് കാലതാമസം വരുന്നത്. ആപ്പിന് ഗൂഗിളിന്റെ അനുമതി ആവശ്യമാണ്. അത് നേടാനുള്ള നടപടിക്രമങ്ങൾ നടക്കുകയാണ്. അധികം വൈകാതെ ആപ്പ് ഉപയോഗത്തിൽ വരുത്താനാകുമെന്നാണ് പ്രതീക്ഷയെന്നും എക്സൈസ് മന്ത്രി കോഴിക്കോട്ട് പറഞ്ഞു.

Related Articles

Latest Articles