ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ പിഎംഎൽഎനിയമപ്രകാരം ഇഡി തയ്യാറാക്കുന്ന രേഖയാണിത്. ഒരു പ്രത്യേക കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം നിയമവിരുദ്ധമായി വെളുപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഇതിലൂടെ ഇഡി ലക്ഷ്യമിടുന്നത്. ഇസിഐആർ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ബന്ധപ്പെട്ട വ്യക്തികളെ ചോദ്യം ചെയ്യാനായി സമൻസ് അയക്കാനും അവരുടെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടാനും ഇഡിക്ക് അധികാരമുണ്ട്.
കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇഡി ജോയിൻ്റ് ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ഒറ്റ കേസ് ആയിട്ടായിരിക്കും അന്വേഷണം നടക്കുക. ക്രൈംബ്രാഞ്ച് എഫ്ഐആറിൽ ഉള്ള മുഴുവൻ പേരെയും പ്രതികളാക്കിക്കൊണ്ടാണ് ഇഡി അന്വേഷണം നടക്കുക.
ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി അന്വേഷണം തുടങ്ങുമെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കേസുമായി ബന്ധപ്പെട്ട എഫ്ഐആറുകൾ ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ ഇഡി സമീപിച്ചിരുന്നു. തുടർന്ന് കൊല്ലം വിജിലൻസ് കോടതി ഉത്തരവ പ്രകാരമാണ് ഇഡി കേസെടുത്ത് അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.
കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വിശദമായി പരിശോധിച്ച ശേഷം ഡയറക്ടറേറ്റിൽ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് ഇഡി കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് കൊച്ചി സോണൽ ഓഫീസിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണ ഉദ്യോഗസ്ഥനെ നിശ്ചയിക്കാനുള്ള അനുമതി ലഭിച്ചത്.

