വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും, നിർമ്മിത ബുദ്ധി രംഗത്തെ കടുത്ത മത്സരവും ചെലവേറിയ സാങ്കേതികവിദ്യകളും കമ്പനിയെ വലിയ സാമ്പത്തിക ബാധ്യതയിലാക്കിയെന്നാണ് ബ്ലൂംബെർഗ് ന്യൂസ് പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. സെപ്റ്റംബർ 30-ന് അവസാനിച്ച പാദത്തിൽ കമ്പനി 1.46 ബില്യൺ ഡോളറിന്റെ (ഏകദേശം 12,000 കോടി രൂപ) അറ്റനഷ്ടമാണ് രേഖപ്പെടുത്തിയത്. തൊട്ടുമുമ്പത്തെ പാദത്തിൽ ഇത് ഒരു ബില്യൺ ഡോളറായിരുന്നു.
അതേസമയം, കമ്പനിയുടെ വരുമാനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്. മുൻ പാദത്തെ അപേക്ഷിച്ച് വരുമാനം ഇരട്ടിയായി വർധിച്ച് 107 ദശലക്ഷം ഡോളറിലെത്തി. എന്നാൽ, ഈ വർഷത്തെ ആദ്യ ഒമ്പത് മാസങ്ങൾക്കുള്ളിൽ തന്നെ 7.8 ബില്യൺ ഡോളറാണ് എക്‌സ്‌എഐ ചെലവഴിച്ചത്. അത്യാധുനിക ഡാറ്റാ സെന്റർ ഹാർഡ്‌വെയറുകൾ വാങ്ങുന്നതിനും മികച്ച എഐ ഗവേഷകരെ റിക്രൂട്ട് ചെയ്യുന്നതിനും വേണ്ടിവരുന്ന ഭീമമായ തുകയാണ് ഈ ചെലവുകൾക്ക് പിന്നിലെ പ്രധാന കാരണം. എഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് ആവശ്യമായ വലിയ മൂലധന നിക്ഷേപത്തെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.
സാമ്പത്തിക നഷ്ടം നേരിടുമ്പോഴും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ് എക്‌സ്‌എഐ. സീരീസ് ഇ ഫണ്ടിംഗ് റൗണ്ടിലൂടെ 20 ബില്യൺ ഡോളർ സമാഹരിച്ചതായി കമ്പനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 15 ബില്യൺ ഡോളർ ലക്ഷ്യമിട്ടിരുന്ന സ്ഥാനത്താണ് ഇതിലും വലിയ തുക സമാഹരിക്കാനായത്. പുതിയ എഐ മോഡലുകളുടെ വികസനം വേഗത്തിലാക്കാനും കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചർ വിപുലീകരിക്കാനും ഈ തുക ഉപയോഗിക്കാനാണ് പദ്ധതി.
ഇതിനിടെ, മിസിസിപ്പിയിൽ എക്‌സ്‌എഐ വൻ നിക്ഷേപത്തിന് ഒരുങ്ങുന്നതായി മിസിസിപ്പി ഗവർണർ ടേറ്റ് റീവ്സ് അറിയിച്ചു. 20 ബില്യൺ ഡോളർ മുടക്കി ‘മാക്രോഹാർഡർ’ (MACROHARDRR) എന്ന പേരിൽ പുതിയ ഡാറ്റാ സെന്റർ സ്ഥാപിക്കാനാണ് നീക്കം. ടെന്നസിയിലെ മെംഫിസിന് സമീപം ഡിസോട്ടോ കൗണ്ടിയിൽ സ്ഥാപിക്കുന്ന ഈ കേന്ദ്രം, ഗ്രേറ്റർ മെംഫിസ് മേഖലയിലെ കമ്പനിയുടെ മൂന്നാമത്തെ ഡാറ്റാ സെന്ററായിരിക്കും. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപമാണിതെന്ന് ഗവർണർ വിശേഷിപ്പിച്ചു.

