Sunday, June 16, 2024
spot_img

മൃതദ്ദേഹം പോലും അടിച്ചുമാറ്റുന്നവരുണ്ട്

മുംബൈ: ആശുപത്രി മോര്‍ച്ചറിയില്‍നിന്ന് യുവാവിന്റെ മൃതദേഹം കാണാതായ സംഭവത്തില്‍ പോലീസും ആശുപത്രിയധികൃതരും പരസ്പരം പഴി ചാരുന്നു.

വാഷിയിലെ മുനിസിപ്പല്‍ ആശുപത്രി മോര്‍ച്ചറിയില്‍നിന്നാണ്, ഉല്‍വെ വഹല്‍ ഗ്രാമത്തിലെ മുഹമ്മദ് ഉമര്‍ ഫറൂഖ് ഷെയ്ഖിന്റെ (29) മൃതദേഹം കാണാതായത്. ദീര്‍ഘകാലമായി അസുഖബാധിതനായ യുവാവ് കഴിഞ്ഞ മേയ് ഒന്‍പതിന് വീട്ടില്‍ വെച്ചാണ് മരിച്ചത്. മരണസമയത്ത് പനിയും ശ്വാസംമുട്ടലും ഉണ്ടായിരുന്നു. മരണം സ്ഥിരീകരിക്കാനായാണ് മൃതദേഹം വാഷിയിലെ മുനിസിപ്പല്‍ ആശുപത്രിയില്‍ കൊണ്ടുവന്നത്.

ഹൃദയ, ശ്വാസകോശ സ്തംഭനമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചെങ്കിലും ന്യുമോണിയ ലക്ഷണമുള്ളതിനാല്‍ കോവിഡ് പരിശോധനഫലം കിട്ടിയ ശേഷമേ മൃതദേഹം വിട്ടുതരാന്‍ കഴിയൂ എന്ന് ആശുപത്രിയധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ വ്യഴാഴ്ച പരിശോധനഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചതോടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വന്നപ്പോഴാണ് മൃതദേഹം കാണാതായ വിവരം അറിയുന്നത്.

മൃതദേഹം സൂക്ഷിക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ് ആശുപത്രി സൂപ്രണ്ട് ഡോ. പ്രശാന്ത് ജാവ്ഡെ കൈയൊഴിഞ്ഞതോടെ മരണപ്പെട്ട യുവാവിന്റെ സഹോദരന്‍ നസുദീന്‍ പോലീസില്‍ പരാതിനല്‍കി.

ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹത്തിന്റെ ഉത്തരവാദിത്തം ആശുപത്രിക്കാണെന്നാണ് എന്‍.ആര്‍.ഐ. പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ തന്‍വീര്‍ ഷെയ്ഖ് പറയുന്നത്. പോലീസും ആശുപത്രിയധികൃതരും പരസ്പരം കുറ്റപ്പെടുത്തി ഒഴിഞ്ഞുമാറുമ്പോള്‍ മൃതദേഹത്തിന് എന്ത് സംഭവിച്ചെന്നറിയാതെ വിഷമിച്ചിരിക്കുകയാണ് ബന്ധുക്കള്‍.

Related Articles

Latest Articles