Saturday, May 18, 2024
spot_img

യുഎന്നിൽ പാകിസ്ഥാന്റെ മുഖംമൂടി വലിച്ചുകീറി ഭാരതം

പാകിസ്താന്റെ ഭീകരതയെ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ തുറന്ന് കാട്ടി ഇന്ത്യ.
കാലങ്ങളായി തീവ്രവാദത്തെ പിന്തുണയ്‌ക്കുകയും കൊടും ഭീകരർക്ക് സംരക്ഷണം ഒരുക്കുകയും ചെയ്യുന്ന ചരിത്രമാണ് പാകിസ്താന് ഉള്ളതെന്ന് ഐക്യരാഷ്‌ട്ര സഭയിൽ ഇന്ത്യ. യുഎൻ സുരക്ഷാ കൗൺസിൽ നിരോധിച്ച ഏറ്റവുമധികം ഭീകരർക്ക് താവളമൊരുക്കിയതിന്റെ റെക്കോർഡ് ഇന്ന് പാകിസ്താന് സ്വന്തമാണ്. 2008 ൽ മുംബൈ ഭീകരാക്രമണം നടത്തിയവർക്ക് പോലും പാകിസ്താൻ സംരക്ഷണം നൽകുന്നുണ്ടെന്നും ഇന്ത്യയുടെ പ്രതിനിധി ആർ മധു സൂദൻ പറഞ്ഞു.

യുഎൻ പട്ടികയിൽ ഉൾപ്പെടുത്തിയ ഭീകരർക്ക് സഹായം നൽകുന്നത് ഇന്ത്യയാണെന്നും അത് ഉപയോഗിച്ച് അവർ പാക് സൈന്യത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്നുമാണ് പാക് പ്രതിനിധി യോഗത്തിൽ പറഞ്ഞത്. എന്നാൽ ഇന്ത്യ ഇതിനെതിരെ ശക്തമായി തിരിച്ചടിച്ചു. ഭീകരർ സുഖമായി പാക് തെരുവുകളിലൂടെ നടക്കുമ്പോൾ അതിൽ നിന്നും ശ്രദ്ധ തിരിക്കാൻ പാകിസ്താൻ ഇന്ത്യയ്‌ക്കെതിരെ തെറ്റായ പ്രചാരണം നടത്തുന്നത് ഇത് ആദ്യമല്ല എന്ന് മധു സൂദൻ പറഞ്ഞു. പാകിസ്താനിൽ സാധാരണക്കാരുടെ, പ്രത്യേകിച്ച് ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ടവരുടെ ജീവിതം അപകടത്തിലാണ്.

ഭീകരർക്ക് അഭയം നൽകുകയും അവരെ സഹായിക്കുകയും സജീവമായി പിന്തുണയ്‌ക്കുകയും ചെയ്യുന്ന ഒരു ചരിത്രം പാകിസ്താന് ഉണ്ടെന്ന് എല്ലാ രാജ്യങ്ങൾക്കും അറിയാം. തീവ്രവാദികളെ പരസ്യമായി പിന്തുണയ്‌ക്കുകയും പരിശീലിപ്പിക്കുകയും ആയുധം നൽകുകയും ചെയ്യുന്ന, ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട രാജ്യമാണിത്. ലോകത്ത് നടക്കുന്ന ഭീകരാക്രമണങ്ങളുടെ പ്രഭവ കേന്ദ്രം പാകിസ്താൻ ആണെന്നും ഇന്ത്യൻ പ്രതിനിധി തുറന്നടിച്ചു.

2008 ൽ മുംബൈയിൽ ആക്രമണം നടത്തിയ ഭീകരർക്ക് താവളമൊരുക്കുന്നത് പാകിസ്താൻ ആണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ എന്ത് സ്വപ്‌നം കണ്ടാലും ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. അത് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. പാകിസ്താൻ അനധികൃതമായി കയ്യടക്കി വെച്ചിരിക്കുന്ന ഇന്ത്യൻ മണ്ണ് ഉടൻ തിരികെ നൽകണമെന്നും മധു സൂദൻ യുഎന്നിൽ വ്യക്തമാക്കി.

അതേസമയം, ഇന്ന് ജമ്മു കാശ്മീർ ശാന്തിയുടെയും സമാധാനത്തിന്റെയും പാതയിലാണ്. ഭാരതം ഇന്ന് 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ ഏറ്റവുമധികം സന്തോഷത്തിലാണ് ജമ്മുകശ്മീരിലെ ജനങ്ങളും. കോവിഡ് വ്യാപനത്തോടനുബന്ധിച്ച് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ആ പരിമിതിയിൽ നിന്നുകൊണ്ട് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ് അവരും. ജമ്മുവിലെ താവി റെയിൽവേ സ്‌റ്റേഷനും ഡോഡയിലെ ഗൺപത് പാലവും ത്രിവർണ്ണത്തിൽ മുങ്ങിയിരിക്കുകയാണ്.റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ജമ്മു കശ്മീരിൽ ആഘോഷപരിപാടികൾ നേരത്തെ തുടങ്ങിയിരുന്നു. റോഡുകളിലും കെട്ടിടങ്ങളിലും ത്രിവർണ്ണങ്ങൾ പ്രകാശിപ്പിച്ചുകൊണ്ട് സുരക്ഷാ സേനയാണ് ഇതിന് നേതൃത്വം നൽകുന്നത്.

കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് പരിപാടികൾ സംഘടിപ്പിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇതിന് പ്രദേശവാസികളും എല്ലാ പിന്തുണയും നൽകുന്നുണ്ട്. ‘ഇത് നമ്മുടെ ദേശീയ ആഘോഷമാണ്. എല്ലാ ഉത്തരവാദിത്വത്തോടെയും ബഹുമാനത്തോടെയും റിപ്പബ്ലിക് ദിനം ആഘോഷിക്കുക എന്നത് നമ്മുടെ കടമയാണ്. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടാണ് ആഘോഷപരിപാടികൾ നടത്തുന്നത്. രാജ്യം ഭീഷണി നേരിടുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് എല്ലാ സുരക്ഷയും ഒരുക്കിയിട്ടുണ്ട്’ എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

അതേസമയം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സൈനിക ഉദ്യോഗസ്ഥരും നിരവധി പരിപാടികൾ സംഘടിപ്പിച്ചു. രാജ്യത്തിന്റെ അതിർത്തി കാക്കാൻ ഇന്ത്യൻ സേന എന്നും സജ്ജമാണ്. ഈ സമയത്ത് അതിർത്തിയിൽ എപ്പോഴും സുരക്ഷാ ഭീഷണി ഉണ്ടാകാറുണ്ട്. എന്നാൽ ദേശവിരുദ്ധ ശക്തികൾക്കെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles