Tuesday, November 10, 2026

രാജമല പെട്ടിമുടി ദുരന്തത്തിൽ മരണം 14 ആയി ; 12 പേർ പരിക്കുകളോടെ രക്ഷപ്പെട്ടു; തിരച്ചിൽ തുടരുന്നു

മൂന്നാർ : ശക്തമായ മഴയെ തുടർന്ന് മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി .ഇതുവരെ 12 പേരെ രക്ഷപ്പെടുത്തി . ഇവരെ മൂന്നാർ ഹൈ റേഞ്ച് ആശുപത്രിയിലെത്തിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമായതിനാൽ അയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റി. ലയത്തില്‍ ആകെ ഉണ്ടായിരുന്നത് 78 പേരാണ്‌. ഇതിൽ ഇനി 51 പേരെ കണ്ടെത്താനുണ്ടെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ഇവർക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് ദുരന്ത നിവാരണ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം , മണ്ണിനടിയില്‍നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാര്‍ കണ്ണന്‍ ദേവന്‍ ആശുപത്രിയില്‍ എത്തിച്ചു. പളനിയമ്മ(50), ദീപന്‍(25), സീതാലക്ഷ്മി(33), സരസ്വതി(50) എന്നിവരെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

അതിനിടെ , ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളില്‍നിന്നും എന്‍ഡിആര്‍എഫ് സംഘം രാജമലയിലേക്കു തിരിച്ചിട്ടുണ്ട്. 5 ലൈനുകളിലായി 84 പേര്‍ മണ്ണിനടിയിലായതായി കോളനി നിവാസികള്‍ പറയുന്നു. പ്രദേശത്ത് വാര്‍ത്താവിനിമയ സംവിധാനങ്ങളില്ല.

പെട്ടിമുടി ലയത്തിന്റെ 2 കിലോമീറ്റര്‍ അകലെയുള്ള മലയിലെ ഉരുള്‍പൊട്ടലാണ് ദുരന്തം വിതച്ചത്. 3 കിലോമീറ്റര്‍ പരിധിയില്‍ കല്ലുചെളിയും നിറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് രാജമല മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. തമിഴ് തൊഴിലാളികളാണ് ഈ പ്രദേശത്ത് കൂടുതലായി താമസിക്കുന്നത്. വൈദ്യുതി ഇല്ലാത്തതിനാല്‍ കൃത്യമായ വിവരം ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Latest Articles