Tuesday, May 21, 2024
spot_img

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷത്തിലേക്ക്; പ്രതിദിന കേസുകൾ കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് അമ്ബത്തിയേഴായിരത്തിലധികം പുതിയ കേസുകള്‍

ദില്ലി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. തുടര്‍ച്ചയായ മൂന്നാം ദിനവും രോഗികളുടെ എണ്ണം അരലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ 57,118 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 16,95,988 ആയി ഉയര്‍ന്നു.

764 പേരാണ് കഴിഞ്ഞദിവസം രാജ്യത്ത് രോഗബാധയെ തുടർന്ന് ‌മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 36,511 ആയി. 10.94 ലക്ഷത്തിലധികം പേർ ഇതുവരെ രോഗമുക്തി നേടി.

അതേസമയം രാജ്യത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ രോഗവ്യാപനം രൂക്ഷമായി. കർണാടക കൃഷി മന്ത്രി ബി സി പാട്ടീലിന് രോഗം സ്ഥിരീകരിച്ചു. പുതുച്ചേരിയിൽ ഈ മാസം 31 വരെ ലോക്ക്ഡൗൺ നീട്ടി. കശ്മീരിൽ സാമൂഹ്യ ക്ഷേമ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി തസാദുക് ജീലാനി രോഗം ബാധിച്ച് മരിച്ചു.

പ്രതിദിന കേസുകളുടെ എണ്ണത്തിൽ ആന്ധ്ര വീണ്ടും ഒന്നാം സ്ഥാനത്ത് എത്തി. 24 മണിക്കൂറിനിടെ 10,376 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിൽ 10,320 പുതിയ രോഗികൾ ഉണ്ട്.

പശ്ചിമ ബംഗാളിൽ പോസിറ്റീവ് കേസുകളുടെ എണ്ണം എഴുപതിനായിരവും ബിഹാറിൽ അര ലക്ഷവും കടന്നു. തമിഴ്‌നാട്ടിൽ 5,881 പുതിയ കേസുകളും 97 മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 2,45,859 ആയി. ആകെ മരണം 3,935. ചെന്നൈയിൽ പ്രതിദിന കേസുകൾ കുറയുന്നത് ആശ്വാസമായി. രാജ്യത്തെ രോഗമുക്തി നിരക്ക് 64.52 ശതമാനമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles