ദില്ലി :സോഷ്യല്‍ മീഡിയ ഭീമനായ ഫെയ്‌സ്ബുക്ക് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജിയോ പ്ലാറ്റ്‌ഫോമിലെ 9.99 ശതമാനം ഓഹരി 43,574 കോടി രൂപയില്‍ (5.7 ബില്യണ്‍ ഡോളര്‍) ഏറ്റെടുത്തു. ഫെയ്സ്ബുക്കിനെ ജിയോ പ്ലാറ്റ്‌ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയാക്കിമാറ്റുന്നതാണ് ഈ ഇടപാട്. ഡിജിറ്റല്‍ ആപ്ലിക്കേഷനുകള്‍, ഡിജിറ്റല്‍ ഇക്കോസിസ്റ്റംസ്, മൊബൈല്‍ സേവനം എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ജിയോ പ്ലാറ്റ്ഫോമുകള്‍.
‘എല്ലാ ഇന്ത്യക്കാരുടെയും പ്രയോജനത്തിനായി ഇന്ത്യയുടെ ഡിജിറ്റല്‍ ആവാസവ്യവസ്ഥയെ വളര്‍ത്തിയെടുക്കുന്നതിലും മാറ്റം വരുത്തുന്നത് തുടരുന്നതിനും ഞങ്ങളുടെ ദീര്‍ഘകാല പങ്കാളിയായി ഫേസ്ബുക്കിനെ സ്വാഗതം ചെയ്യുന്നതിനുള്ള അവസരം ലഭിച്ചതില്‍ റിലയന്‍സ് കുടുംബം വിനീതരാണ്’- മുകേഷ് അംബാനി പറഞ്ഞു.
ജിയോയും ഫേസ്ബുക്കും തമ്മിലുള്ള കൂടിച്ചേരല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡിജിറ്റല്‍ ഇന്ത്യ’ മിഷന്‍റെ അതിന്റെ രണ്ട് ലക്ഷ്യങ്ങളായ ‘ഈസ് ഓഫ് ലിവിംഗ്’, ‘ഈസ് ഓഫ് ഡുയിംഗ് ബിസിനസ്’ എന്നിവ സാക്ഷാത്കരിക്കാൻ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

