മുംബൈ: നടി റിയ ചക്രവർത്തിയുടെ മുംബൈയിലെ വസതിയിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്ഡ്. നടൻ സുശാന്ത് സിങ് രാജ്പുത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ അന്വേഷണത്തിനിടെ, കാമുകി റിയയ്ക്ക് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്നു സംശയം ഉയർന്നതിനെ തുടർന്നാണ് റെയ്ഡ്.
എൻസിബി മുംബൈയിൽ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരൻ സയിദ് വിലത്രയ്ക്ക്, റിയയുടെ സഹോദരൻ ഷോവിക്കുമായി ബന്ധമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു. മറ്റൊരു എൻസിബി സംഘം സുശാന്തിന്റെ മാനേജർ സാമുവൽ മിറാൻഡയുടെ വസതിയിൽ പരിശോധന നടത്തി.
റിയയുടെ സഹോദരൻ ഷോവിക് ചക്രവർത്തിക്കും സാമുവൽ മിറാൻഡയ്ക്കും സയിദ് വിലത്ര കഞ്ചാവ് വിതരണം ചെയ്തുവെന്നാണ് ഏജൻസി വൃത്തങ്ങൾ വ്യക്തമാക്കിയത്. താൻ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്ത് കഞ്ചാവ് കഴിക്കുന്നത് തടയാൻ ശ്രമിച്ചതായും റിയ മുൻപ് പറഞ്ഞിരുന്നു.

