തിരുവനന്തപുരം : ‘ലോകം മുഴുവന് സുഖംപകരാനായ് സ്നേഹ ദീപമേ മിഴിതുറക്കൂ…’ -ആരോഗ്യപ്രവര്ത്തകര്ക്ക് സാന്ത്വനമേകി നടന് മോഹന്ലാല് പാടി.
ഐസൊലേഷന് വാര്ഡുകളില് നിശ്ചിത ദിവസം സേവനമനുഷ്ഠിച്ച ശേഷം ഡോക്ടര്മാര്, നഴ്സുമാര്, മറ്റിതര ജീവനക്കാര് തുടങ്ങി എല്ലാവരേയും രോഗം പകരാതിരിക്കാനുള്ള മാര്ഗ്ഗ നിര്ദ്ദേശങ്ങളനുസരിച്ച് 14 ദിവസത്തെ നിര്ബന്ധിത നിരീക്ഷണത്തില് താമസിപ്പിക്കേണ്ടതുണ്ട്. ഇത്തരക്കാര്ക്ക് മാനസിക പിന്തുണ നല്കുന്നതിന് വേണ്ടി മോഹന്ലാലും വീഡിയോ കോണ്ഫറന്സ് വഴി ഒത്തുകൂടി. എല്ലാ ജില്ലകളിലുമുള്ള കൊറോണ ആശുപത്രികളിലെ പ്രിന്സിപ്പല്മാര്, സൂപ്രണ്ടുമാര് ഉള്പ്പെടെയുള്ള 250 ഓളം ആരോഗ്യ പ്രവര്ത്തകര് അതത് ആശുപത്രികളില് നിന്നും വീഡിയോ കോണ്ഫറന്സില് പങ്കെടുത്തു. എല്ലാ ആശുപത്രികളിലേയും എല്ലാ വിഭാഗം ജിവനക്കാരും മോഹന്ലാലിനോട് നേരിട്ട് സംസാരിച്ചു. പലരും തങ്ങള് മോഹന്ലാലിന്റെ കട്ട ഫാന് ആണെന്നും വെളിപ്പെടുത്തി. ഇതിനിടെ ഒരു പരിചയം പുതുക്കലുമുണ്ടായി.

