Monday, May 20, 2024
spot_img

കോൺഗ്രസ് ഇപ്പോഴും പുലർത്തിപ്പോകുന്നത് അടിയന്തരാവസ്ഥക്കാലത്തെ മനോഭാവം: അമിത് ഷാ

ന്യൂഡല്‍ഹി: 1975 ജൂണ്‍ 25-ന് ഇന്ദിര ഗാന്ധി സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയുടെ 45-ാം വാര്‍ഷികത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് വക്താവായിരുന്ന സഞ്ജയ് ഝായെ പുറത്താക്കിയതടക്കം ചൂണ്ടിക്കാട്ടിയാണ് അമിത് ഷായുടെ വിമര്‍ശനം. കോണ്‍ഗ്രസിന് ഇപ്പോഴും അടിയന്തരാവസ്ഥയുടെ നാളുകളിലെ മനോഭാവം നിലനില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

‘കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ മുതിര്‍ന്ന അംഗങ്ങളും യുവ അംഗങ്ങളും ചില പ്രശ്‌നങ്ങളുയര്‍ത്തി. എന്നാല്‍ ആക്രോശിച്ച് ആ ശബ്ദം അടിച്ചമര്‍ത്തി. ഒരു പാര്‍ട്ടി വക്താവിനെ മര്യാദയില്ലാതെ പുറത്താക്കി. നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ ശ്വാസംമുട്ടുന്നുവെന്നതാണ്‌ ഖേദകരമായ സത്യം.’ ഷാ ട്വിറ്ററില്‍ കുറിച്ചു.

ഒരു ദേശീയ ദിനപത്രത്തിലെഴുതിയ ലേഖനത്തില്‍ പാര്‍ട്ടിയെ വിമര്‍ശിച്ചതിന് വക്താവ് സ്ഥാനത്തുനിന്ന് സഞ്ജയ് ഝായെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.

‘ഇന്ത്യയിലെ പ്രതിപക്ഷ പാര്‍ട്ടികളിലൊന്നായ കോണ്‍ഗ്രസ് സ്വയം ചോദിക്കണം. എന്തുകൊണ്ടാണ് ഇവര്‍ക്ക് അടിയന്തരാവസ്ഥയിലെ മാനസികാവസ്ഥ നിലനില്‍ക്കുന്നതെന്ന്‌. ഒരു കുടുംബത്തില്‍ പെടാത്ത നേതാക്കള്‍ക്ക് സംസാരിക്കാന്‍ സാധിക്കാത്ത് എന്തു കൊണ്ടാണ്? എന്തു കൊണ്ടാണ് കോണ്‍ഗ്രസില്‍ നേതാക്കള്‍ നിരാശരാകുന്നത്? ഈ ചോദ്യങ്ങള്‍ കോണ്‍ഗ്രസ് സ്വയം ചോദിച്ചില്ലെങ്കില്‍ ആളുകള്‍ അവരുമായിട്ടുള്ള ബന്ധം വിച്ഛേദിക്കുന്നത് തുടര്‍ന്നു കൊണ്ടിരിക്കുമെന്നും ഷാ പറഞ്ഞു.

’45 വര്‍ഷം മുമ്പുള്ള ഈ ദിവസം, ഒരു കുടുംബത്തിന് അധികാരത്തോടുള്ള അത്യാഗ്രഹം അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കുന്നതിലേക്ക് നയിച്ചു. ഒറ്റ രാത്രി കൊണ്ട് രാഷ്ട്രം ജയിലായി മാറി. പത്രങ്ങള്‍, കോടതികള്‍, അഭിപ്രായ സ്വാതന്ത്ര്യം … എല്ലാം ചവിട്ടി മെതിക്കപ്പെട്ടു. ദരിദ്രര്‍ക്കും താഴെക്കിടയിലുള്ളവര്‍ക്കും നേരെ അതിക്രമങ്ങള്‍ നടന്നു. ലക്ഷക്കണക്കിന് ആളുകളുടെ പരിശ്രമത്തെ തുടര്‍ന്ന് അടിയന്തരാവസ്ഥ നീക്കി. ഇന്ത്യയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടെങ്കിലും അത് കോണ്‍ഗ്രസില്‍ ഇല്ലാതായി. ഒരു കുടുംബത്തിന്റെ താല്‍പര്യങ്ങള്‍ പാര്‍ട്ടി താല്‍പര്യങ്ങള്‍ക്കും ദേശീയ താല്‍പര്യങ്ങള്‍ക്കും മേലെ നിലനിന്നിരുന്നു. ഈ ഖേദകരമായ അവസ്ഥ ഇന്നത്തെ കോണ്‍ഗ്രസിലും വളരുന്നു.’ അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

Related Articles

Latest Articles