Monday, May 20, 2024
spot_img

വിദേശത്തെ ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണവും മരുന്നും എത്തിക്കും: കേന്ദ്രമന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിദേശത്തെ ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ഭക്ഷണവും മരുന്നുകളും എത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഗള്‍ഫില്‍ ഇന്ത്യന്‍ എംബസിയുടെ ക്വാറന്റീന്‍ സൗകര്യം ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പ്രവാസി മലയാളികളില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് മുന്‍ഗണന നല്‍കും. അല്ലാത്തവര്‍ മെയ് വരെ കാത്തിരിക്കേണ്ടി വരും. 539000 പേരെ പരിശോധിച്ചതായും ഇതില്‍ 2000 പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയതായും യുഎഇ അറിയിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ എല്ലാവരെയും ഒരുമിച്ച് നാട്ടിലെത്തിച്ച് ക്വാറന്റീന്‍ സൗകര്യം എര്‍പ്പെടുത്തുന്നത് പ്രായോഗികമല്ലെന്നും അതിനാലാണ് ഗള്‍ഫിലെ ഇന്ത്യന്‍ എംബസിയുടെ നിയന്ത്രണത്തില്‍ ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.

ജോര്‍ദാനിലെ സിനിമാ സംഘവും മോള്‍ഡോവയിലെ വിദ്യാര്‍ഥികളും വിമാനം ചാര്‍ട്ടര്‍ ചെയ്ത് എത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സ്ഥിതി മെച്ചപ്പെടുമ്പോള്‍ എല്ലാവരെയും തിരികെയെത്തിക്കുമെന്നും ഫിലിപ്പീന്‍സിലും മോള്‍ഡോവയിലും കുടുങ്ങിയവരുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച കൊച്ചിയിലും ഡല്‍ഹിയിലും മൃതദേഹങ്ങള്‍ എത്തിക്കുന്നുണ്ടെന്നും ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് വൈദ്യപരിശോധനയും അവശ്യമായ ഭക്ഷണ താമസ സൗകര്യങ്ങളും ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles