Monday, June 17, 2024
spot_img

വിദേശ ചാർട്ടേർഡ് വിമാനങ്ങൾ;കേരളം പരിശോധന കർശനമാക്കുന്നു

ദുബായ്: വിദേശത്തുനിന്ന് ചാർട്ടേഡ്‌ വിമാനങ്ങളിൽ എത്തുന്ന പ്രവാസികൾ കോവിഡ്-19 ഇല്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൈയിൽ കരുതണമെന്ന വ്യവസ്ഥ കേരളം കർശനമാക്കുന്നു. ഈമാസം 20-ന് ഇത് പ്രാബല്യത്തിൽ വരും. 48 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനാ റിപ്പോർട്ടാണ് കേരളം ആവശ്യപ്പെടുന്നത്.

വിദേശ നാടുകളിൽനിന്ന്, വിശേഷിച്ച് ഗൾഫ് നാടുകളിൽനിന്ന് എത്തുന്നവരിൽ കുറേപ്പേരിൽ കോവിഡ് കണ്ടെത്തുന്ന സാഹചര്യത്തിലാണ് ഈ നിബന്ധന നടപ്പാക്കുന്നത്. കോവിഡ് രോഗബാധയുമായി എത്തുന്ന പ്രവാസികൾ മൂന്ന് ശതമാനമായെന്നാണ് സംസ്ഥാന ഗവൺമെന്റിന്റെ കണ്ടെത്തൽ. ഇത് തുടർന്നാൽ കേരളത്തിൽ രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നും അതിനാലാണ് പരിശോധന കർശനമായി നടപ്പാക്കാൻ പോകുന്നതെന്നും പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ വിവിധ സംഘടനകൾക്ക് അയച്ച എഴുത്തിൽ വിശദമാക്കിയിട്ടുണ്ട്. എന്നാൽ, യു.എ.ഇ. ഒഴികെയുള്ള മിക്ക ഗൾഫ് നാടുകളിലും ഇത്തരം സർട്ടിഫിക്കറ്റ് കിട്ടുകയെന്നത് ദുഷ്കരമാണ്.

ബഹ്‌റൈൻ ഉൾപ്പെടെ ചില രാജ്യങ്ങളിൽ രോഗലക്ഷണമുള്ളവർക്ക് മാത്രമേ കോവിഡ് പരിശോധനയ്ക്ക് അവസരമുള്ളൂ. ചില രാജ്യങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ പോലും ഇത്തരം പരിശോധനയ്ക്കുള്ള സൗകര്യം പരിമിതമാണ്. 8,000 മുതൽ 10,000 രൂപ വരെയാണ് കോവിഡ് പരിശോധനയ്ക്ക് വരുന്ന ചെലവ്. ജോലി നഷ്ടപ്പെട്ടും ശമ്പളമില്ലാതെയും കഷ്ടപ്പെടുന്നവർ ഉൾപ്പെടെ നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്ന പ്രവാസികൾക്ക് ഈ നിബന്ധന വലിയ ആഘാതവുമായിട്ടുണ്ട്.

ഇപ്പോൾ വിമാനത്താവളങ്ങളിൽ റാപ്പിഡ് ടെസ്റ്റ് നടത്തുന്നുണ്ട്. ശരീരോഷ്മാവും പരിശോധിക്കുന്നുണ്ട്. എന്നാൽ, ഇതിന് പുറമേ അംഗീകൃത ലാബുകളിൽനിന്ന് യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനകം നേടിയ നെഗറ്റീവ് സർട്ടിഫിക്കറ്റാണ് കേരളം ആവശ്യപ്പെടുന്നത്. ഗൾഫ് നാടുകളിൽനിന്ന് മാത്രമായി നാനൂറോളം ചാർട്ടേഡ്‌ വിമാനസർവീസുകൾക്കുള്ള അനുമതിയാണ് വിവിധ സംഘടനകൾ ഇതിനകം നേടിയിട്ടുള്ളത്. പുതിയ വ്യവസ്ഥയോടെ എത്ര പേർക്ക് യാത്ര ചെയ്യാനാവും എന്നതിൽ ഇപ്പോൾത്തന്നെ സംശയം ഉയർന്നിട്ടുണ്ട്.

ചില ഗൾഫ് രാജ്യങ്ങളിൽ ജനസംഖ്യയുടെ ആറു ശതമാനത്തിനുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേരളം പുതിയ നിബന്ധന കർശനമാക്കുന്നത്. 

Related Articles

Latest Articles