തിരുവനന്തപുരം : വിവാദ പരാമർശം നടത്തിയസിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ നിയമനടപടിയ്ക്കൊരുങ്ങി ബിഎംഎസ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസില്‍ ആരോപണം നേരിടുന്ന വ്യക്തിക്ക് ബിഎംഎസുമായി ബന്ധമുണ്ടെന്ന വിവാദ പ്രസ്താവനക്കെതിരെയാണ് കോടിയേരിക്കെതിരെ ബിഎംഎസ് നിയമ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിനു പിന്നാലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു കോടിയേരിയുടെ വിവാദ പ്രസ്താവന
മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണ് . അതില്‍ പറയുന്ന വ്യക്തിക്ക് ബിഎംഎസുമായി യാതൊരുവിധ ബന്ധവുമില്ല. നിജസ്ഥിതി മനസിലാക്കിയ മാധ്യമങ്ങള്‍ വാര്‍ത്ത അത് തിരുത്തുകയുണ്ടായി. എന്നാല്‍ സിപിഎമ്മിന്റെ പല നേതാക്കളും ചാനല്‍ ചര്‍ച്ചകളില്‍ വസ്തുതാവിരുദ്ധമായ പ്രസ്താവന ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്നലെ നടന്ന പത്രസമ്മേളനത്തില്‍ ഇതേ പരാമര്‍ശം ആവര്‍ത്തിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ കോടിയേരി നടത്തിയ പ്രസ്താവന പിന്‍വലിച്ചുകൊണ്ട് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം ബിഎംഎസ് നിയമനടപടി സ്വീകരിക്കുമെന്നും ബിഎംഎസ് സംസ്ഥാന സെക്രട്ടറി എം.പി രാജീവന്‍ പ്രസാതവനയിലൂടെ അറിയിച്ചു.

