Sunday, September 20, 2026

കൗമാരക്കാരെ ലക്ഷ്യമിട്ട് ഐഎസ്‌ഐ !! പാക് ചാര സംഘടനയുമായി ബന്ധമുള്ള 40 കുട്ടികൾ നിരീക്ഷണത്തിൽ ; വൈറ്റ് കോളർ ഭീകരതയ്ക്ക് പിന്നാലെ രാജ്യം നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളി!!

ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു. പഞ്ചാബ്, ഹരിയാന, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നായി പതിനാലിനും പതിനേഴിനും ഇടയിൽ പ്രായമുള്ള മുപ്പത്തിയേഴോളം കുട്ടികൾ നിലവിൽ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. ഇതിൽ 12 പേർ പഞ്ചാബ്, ഹരിയാന സ്വദേശികളും 25 പേർ ജമ്മു കശ്മീരിൽ നിന്നുള്ളവരുമാണ്. വൈറ്റ് കോളർ ഭീകരതയ്ക്ക് പിന്നാലെ രാജ്യം നേരിടുന്ന ഏറ്റവും വലിയ സുരക്ഷാ വെല്ലുവിളിയായാണ് ഈ കൗമാര ചാരശൃംഖലയെ അന്വേഷണ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.

ജമ്മു കശ്മീർ സ്വദേശിയായ പതിനഞ്ചുകാരനെ പിടികൂടിയതോടെയാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങൾ പുറംലോകമറിഞ്ഞത്. പാക് ഏജൻസികളുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഈ കുട്ടിയുടെ ഫോൺ പരിശോധിച്ച ഉദ്യോഗസ്ഥർ ഞെട്ടി. ഇന്ത്യൻ സൈന്യത്തിന്റെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ പകർത്തി പാകിസ്ഥാനിലേക്ക് അയച്ചുകൊടുത്തതായി കണ്ടെത്തി. ഒരു വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്തതിലൂടെ കുട്ടിയുടെ ഫോൺ ക്ലോൺ ചെയ്യപ്പെടുകയും, അതിലൂടെ പാക് ഹാൻഡ്‌ലർമാർക്ക് ഫോണിലെ വിവരങ്ങൾ തത്സമയം നിരീക്ഷിക്കാൻ സാധിക്കുകയും ചെയ്തിരുന്നു. ഭീകരസംഘടനകളുടെ മുൻനിര വിഭാഗങ്ങളുമായും ഐഎസ്ഐ ഏജന്റുമാരുമായും ഈ കുട്ടി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായി പത്താൻകോട്ട് സീനിയർ സൂപ്രണ്ട് ഓഫ് പോലീസ് ദൽജിന്ദർ സിംഗ് ധില്ലൺ അറിയിച്ചു.

സമൂഹ മാദ്ധ്യമങ്ങളും വിദേശ ആപ്പുകളും ഉപയോഗിച്ചാണ് കുട്ടികളെ ഐഎസ്ഐ വലയിലാക്കുന്നത്. സൈനിക വാഹനങ്ങളുടെ നീക്കം നിരീക്ഷിക്കുക, സുരക്ഷാ കേന്ദ്രങ്ങളുടെ ചിത്രങ്ങൾ പകർത്തി നൽകുക, ഭീകരർക്ക് ആവശ്യമായ ലൊജിസ്റ്റിക് സഹായങ്ങൾ എത്തിക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് ഇവരെ ഉപയോഗിക്കുന്നത്. പിടിയിലായ കുട്ടി സ്കൂളിൽ പോകുന്നത് നിർത്തിയിട്ടും വീട്ടുകാർ വിവരം അറിഞ്ഞിരുന്നില്ല എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. മാതാപിതാക്കൾ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിലും പെരുമാറ്റത്തിലും അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ചതിക്കുഴിയിൽപ്പെട്ട മറ്റ് കുട്ടികളെ കണ്ടെത്താനും അവരെ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനുമുള്ള ശ്രമങ്ങൾ സുരക്ഷാ ഏജൻസികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

Latest Articles