ദില്ലി: വടക്കൻ കശ്മീരിലെ ഹന്ദ്വാരയിൽ വീണ്ടും ഭീകരാക്രമണം. ഹന്ദ്വാരയിലെ ഖാസിയാബാദ് മേഖലയിൽ നടന്ന ആക്രമണത്തിൽ മൂന്ന് സിആര്പിഎഫ് ഉദ്യോഗസ്ഥര് വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. പട്രോളിംഗിനെത്തിയ സിആര്പിഎഫ് ഉദ്യോഗസ്ഥര്ക്ക് നേരെയായിരുന്നു ഭീകരരുടെ ആക്രമണം.
ഇന്നലെ ഹന്ദ്വാരയിൽ ഇന്ത്യൻ നടന്ന ഭീകരാക്രമണത്തിൽ മേജറും കേണലുമടക്കം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചിരുന്നു. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരനും മരിച്ചു. രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു. ഇന്നലെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ രംഗത്തെത്തിന് പിന്നാലെയാണ് ഇന്ന് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്.
പാകിസ്ഥാൻ ഭീകരവാദം അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് കരസേനാ മേധാവി ജനറൽ നരവനെ പറഞ്ഞിരുന്നു. ഇന്ത്യയിലേക്ക് ഭീകരവാദികളെ കടത്തിവിടുക എന്ന അജണ്ട മാത്രമാണ് പാകിസ്ഥാന് ഇപ്പോഴും ഉള്ളത്. കൊവിഡിനെതിരെ യുദ്ധം ചെയ്യാനല്ല പാകിസ്ഥാന് താല്പര്യം എന്നും കരസേനാ മേധാവി പറഞ്ഞു.

