Wednesday, May 22, 2024
spot_img

വ്യാപനത്തിന്റെ മൂന്നാം ഘട്ടം.മുൻകരുതലുകൾ തുടരണം;മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലഘൂകരിക്കുകയും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നുമുള്ള യാത്ര അനുവദിക്കുകയും ചെയ്തതോടെ കേരളം കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

മെയ് 4 വരെ മൂന്ന് പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞിരുന്നത്. ഇപ്പോഴത് 20 ആയി വര്‍ധിച്ചു. പ്രധാനമായും പുറത്ത് നിന്നും വന്ന പ്രായാധിക്യമുള്ള മറ്റ് രോഗങ്ങളുള്ളവരാണ് മരണമടഞ്ഞതെന്നും  മുഖ്യമന്ത്രി വ്യക്തമാക്കി. 

ശാരീരിക അകലം-മാസ്‌ക് ഉപയോഗം, സമ്പര്‍ക്കവിലക്ക്, റിവേഴ്‌സ് ക്വാറന്റീന്‍ എന്നീ വഴികളിലൂടെയാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനം പ്രതിരോധിക്കാന്‍ സാധിച്ചത്. ഇവ തുടര്‍ന്നാല്‍ കോവിഡിനെ ഫലപ്രദമായി തടയാന്‍ സാധിക്കും. നിയന്ത്രണങ്ങള്‍ സ്വയം പിന്തുടരണം. മറ്റുള്ളവരെ രോഗനിയന്ത്രണനടപടികള്‍ സ്വീകരികകാന്‍ പ്രേരിപ്പിക്കണം. എല്ലാവരും ആരോഗ്യസന്ദേശ പ്രചാരകരാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

നിലവിലെ സ്ഥിതിയില്‍ വിദേശത്ത് നിന്നും തിരിച്ചെത്തുന്നവരില്‍ ഒന്നരശതമാനം ആളുകള്‍ കോവിഡ് പോസിറ്റീവുന്നുണ്ട്. യാത്രക്കാരുടെ എണ്ണം വരുംദിവസങ്ങളില്‍ രണ്ട് ലക്ഷമായി വര്‍ധിക്കാന്‍ ഇടയുണ്ട്. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ കോവിഡ് പോസിറ്റീവ് ആവുന്നവരുടെ എണ്ണവും വര്‍ധിക്കും. രണ്ട് ശതമാനം ആളുകള്‍ക്ക് കോവിഡ് ബാധിക്കുന്നത് ഏകദേശം നാലായിരത്തോളം പേരെയാണ് ബാധിക്കുക. മുന്‍കരുതല്‍ പാലിച്ചില്ലെങ്കില്‍ ഇവരില്‍ നിന്നും സമ്പര്‍ക്കം മൂലം കൂടുതല്‍ ആളുകളിലേക്ക് രോഗം വ്യാപിക്കും. കൂടുതല്‍ വ്യാപനത്തിലേക്ക് കടന്നാല്‍ സമൂഹവ്യാപനം എന്ന വിപത്തിലേക്ക് എത്തിച്ചേര്‍ന്നേക്കാമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. 

Related Articles

Latest Articles