Tuesday, September 22, 2026

രാമേശ്വരം കഫേ സ്ഫോടനക്കേസ്; മുഖ്യ പ്രതികളെ നിയന്ത്രിച്ചത് വിദേശത്ത് നിന്ന്, ഒരാൾ കസ്റ്റഡിയിൽ;മിന്നൽ റെയ്ഡിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഐഎ

ബെംഗളൂരു: മിന്നൽ റെയ്ഡിന് പിന്നാലെ രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എൻഐഎ. കഫേ സ്ഫോടനത്തിലെ മുഖ്യ പ്രതികളെ നിയന്ത്രിച്ചത് വിദേശത്ത് നിന്നാണെന്നും ഈ ബന്ധം കണ്ടെത്താനാണ് റെയ്‌ഡ് നടത്തിയതെന്നും എൻഐഎ വ്യക്തമാക്കി.

സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി 11 ഇടങ്ങളിലാണ് കഴിഞ്ഞ ദിവസം എൻഐഎ റെയ്ഡ് നടത്തിയത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലെ സായ് ബാബ റോഡിൽ ജാഫർ ഇക്ബാൽ, നയിൻ സാദിഖ് എന്നീ രണ്ട് ഡോക്ടർമാരുടെ വീട്ടിലാണ് ഇന്നലെ രാവിലെ മുതൽ പരിശോധന നടത്തിയത്. ആന്ധ്രാപ്രദേശിലെ അനന്ത്പൂർ ജില്ലയിൽ നടത്തിയ പരിശോധനയിൽ ഹൈദരാബാദ് റായദുർഗ സ്വദേശി സുഹൈലിനെ എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളിൽ നിന്ന് മൊബൈൽ ഫോണും ഹാർഡ് ഡിസ്കും പിടിച്ചെടുത്തിട്ടുണ്ട്.

ബെംഗളൂരുവിൽ കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത തീവ്രവാദ ഗൂഢാലോചനക്കേസിലും റെയ്ഡ് നടത്തി. 2023- ജൂലൈയിൽ ബംഗളുരുവിൽ അടക്കം വിവിധ ഇടങ്ങളിൽ തീവ്രവാദ ആക്രമണം നടത്താൻ ഗൂഢാലോചന നടത്തിയതിന് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസ് 2023 ഒക്ടോബറിൽ എൻഐഎ ഏറ്റെടുത്തു. ജയിലിൽ വച്ച് വിവിധ പെറ്റിക്കേസുകളിൽ പ്രതികളായി എത്തിയവരെ തീവ്രവാദപ്രവർത്തനത്തിലേക്ക് പ്രേരിപ്പിച്ച കേസിന് ഇതുമായി ബന്ധമുണ്ടെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.

Related Articles

Latest Articles