പത്തനംതിട്ട: കനത്ത മഴയ്ക്ക് പിന്നാലെ ശബരിമല ഉള്‍വനത്തില്‍ ഉരുള്‍പൊട്ടി. പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയില്‍ മഴ ശക്തമാവുകയാണ്. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളിലെ ജലനിരപ്പ് ഉയര്‍ന്നു. ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ മൂഴിയാര്‍ ഡാമിന്റെ 2 ഷട്ടറുകള്‍ 10സെന്റി മീറ്റര്‍ തുറന്നു.കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.
മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന കോന്നി പഞ്ചായത്തിലെ പൊന്തനാകുഴി കോളനിയിലെ 32 കുടുംബങ്ങളെ കോന്നി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ ക്യാമ്ബിലേക്ക് റവന്യൂ അധികൃതര്‍ മാറ്റി. ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന ജില്ലയിലെ മലയോര മേഖലയിലെ കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള നടപടികളും ജില്ല ഭരണകൂടം അറിയിച്ചു. അതേസമയം പത്തനംതിട്ടയിലെ മലയോര മേഖലയില്‍ രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട റാന്നി പ്രദേശങ്ങളിൽ ഇപ്പോഴും അതിശക്തമായ മഴ തുടരുകയാണ്.
പാലായിൽ വെള്ളപ്പൊക്ക ഭീഷണി തുടരുന്നു. പാലാ ഈരാറ്റുപേട്ട പനയ്ക്കപ്പാലം റോഡിലും വെള്ളം കയറി.
പാലായിൽ മീനച്ചിലാറിനൊപ്പം നിൽക്കുന്ന പ്രദേശങ്ങളിൽ നിലവിൽ വെള്ളം കയറിട്ടുണ്ട്.കോട്ടയം ജില്ലാ കളക്ടർ എം അഞ്ജന മീനച്ചിൽ താലൂക്ക് ഓഫീസിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.

