Monday, May 20, 2024
spot_img

സംസ്ഥാനങ്ങള്‍ക്ക് ആശ്വാസം: കടമെടുപ്പ് പരിധി കേന്ദ്രം ഉയര്‍ത്തി

ദില്ലി: സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഉയര്‍ത്തിയതായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. മൂന്നില്‍ നിന്ന് അഞ്ച് ശതമാനമായാണ് ഉയര്‍ത്തിയത്. ഇത് നടപ്പുസാമ്പത്തിക വര്‍ഷത്തേക്ക് മാത്രമായിരിക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ് കേന്ദ്രം അംഗീകരിച്ചത്.

കൊവിഡ് സാമ്പത്തിക പാക്കേജിന്റെ അഞ്ചാംഘട്ട പ്രഖ്യാപനമാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തിയത്. ഏഴ് മേഖലകളില്‍ ഊന്നിയുള്ള പ്രഖ്യാപനത്തില്‍ തൊഴിലുറപ്പ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകള്‍ക്കാണ് പ്രഥമ പരിഗണന.

തൊഴിലുറപ്പ് പദ്ധതിക്കായി 40,000 കോടി രൂപ അധികം വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു. ആരോഗ്യ മേഖല കൂടുതല്‍ പരിഷ്‌കരിക്കും. രാജ്യത്തെ ജില്ലാ ആശുപത്രികളിലും പകര്‍ച്ച വ്യാധി ചികിത്സാ ബ്ലോക്കുകള്‍ തുടങ്ങും. ഓരോ ബ്ലോക്കുകളിലും ഒരു പബ്ലിക് ഹെല്‍ത്ത് ലബോറട്ടറികള്‍ സ്ഥാപിക്കുമെന്നും മന്ത്രി അറിയിച്ചു.

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് 12 ചാനലുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. നാല് മണിക്കൂര്‍ സ്വയംപ്രഭ ഡിടിഎച്ച് സംവിധാനം തുടങ്ങും. ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഓരോ ടിവി ചാനല്‍ തുടങ്ങും. ഓരോ ക്ലാസിനും ഓരോ ചാനലാകും ഉണ്ടാകുക. 100 സര്‍വകലാശാലകളില്‍ മെയ് 30 മുതല്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ തുടങ്ങും. ഇന്റര്‍നെറ്റ് ഇല്ലാത്തവര്‍ക്കും ഇ ലേണിംഗ് ലഭ്യമാകും.

ഇ പാഠശാലയില്‍ 200 പുസ്തകങ്ങള്‍ കൂട്ടിചേര്‍ത്തു. ഇന്റര്‍നെറ്റ് സൗകര്യമുള്ള കുട്ടികള്‍ക്കായി സ്‌കൈപ് ഉപയോഗിച്ച് തത്സമയ പാഠ്യ പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി ടാറ്റാ സ്‌കൈയും എയര്‍ടെല്ലുമായി കരാറില്‍ ഏര്‍പ്പെട്ടതായി കേന്ദ്രമന്ത്രി പറഞ്ഞു.

Related Articles

Latest Articles