ദില്ലി: പഞ്ചാബില്‍ സായുധസമരം വളര്‍ത്താന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒമ്പത് പേരെ നിയുക്ത ഭീകരരായി പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായാണ് നിയുക്ത ഭീകരരെന്ന് വിശേഷിപ്പിച്ച് 9 പേരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടത്. യുഎപിഎ 2019 ആഗസ്റ്റിലെ നിയമഭേദഗതി പ്രകാരമാണ് നടപടി. വിവിധ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പഞ്ചാബികളാണ് ഒമ്പത് പേരും. സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഇവര്‍ ഇന്ത്യയുടെ മണ്ണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും പഞ്ചാബില്‍ ഖാലിസ്ഥാന്‍ പ്രസ്ഥാനം കെട്ടിപ്പടുത്ത് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയുമാണ്.
പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ മേധാവി വാധാവ സിംഗ് ബബ്ബാറും ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്‍ മേധാവി ലഖ്ബീര്‍ സിംഗും ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ് മേധാവി രഞ്ജിത് സിംഗും ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് മേധാവി പരംജിത് സിംഗും ജര്‍മ്മനി ആസ്ഥാനമായുള്ള ഖാലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്‌സ് പ്രവര്‍ത്തകരായ ഭൂപീന്ദര്‍ സിംഗ് ഭിന്ദയും ഗുര്‍മീത് സിംഗ് ബഗ്ഗയും അമേരിക്കന്‍ ആസ്ഥാനമായുള്ള സിഖ് ഫോര്‍ ജസ്റ്റിസ് പ്രധാന അംഗമായ ഗുര്‍പത്വന്ത് സിംഗ് പന്നുനും കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് മേധാവി ഹര്‍ദീപ് സിംഗ് നിജ്ജാറും യു.കെ ആസ്ഥാനമായുള്ള ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ നേതാവ് പരംജിത് സിംഗുമാണ് ‘നിയുക്ത ഭീകര’രുടെ പട്ടികയിലുള്ളത്.
1967-ലെ യുഎപിഎ നിയമത്തില്‍ 2019 ആഗസ്റ്റില്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം യുഎപിഎ നിയമത്തില്‍ ഒരാളെ ഭീകരനായി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് സാധിക്കും.

