Monday, May 20, 2024
spot_img

സ്ഥിതിഗതികളിൽ മാറ്റമുണ്ടായാൽ ഗുരുതരപ്രത്യാഘാതങ്ങൾ ഉണ്ടാകും;ഇന്ത്യ

ദില്ലി:നിയന്ത്രണരേഖയിലെ നിലവിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താന്‍ ബലപ്രയോഗത്തിലൂടെ ചൈന ശ്രമിക്കുകയാണെങ്കില്‍ അത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്ന് ഇന്ത്യയുടെ മുന്നറിയിപ്പ്. അതിര്‍ത്തിയില്‍ നിലനിന്നിരുന്ന സമാധാനത്തെ തകര്‍ക്കുക മാത്രമല്ല വിശാലമായ ഉഭയകക്ഷി ബന്ധത്തിലും അത് പ്രത്യാഘാതമുണ്ടാക്കും. കിഴക്കന്‍ ലഡാക്കിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

സൈന്യത്തെ ഉപയോഗിച്ചോ, ബലപ്രയോഗത്തിലൂടെയോ നിലവിലെ സ്ഥിതിഗതികള്‍ക്ക് മാറ്റം വരുത്താന്‍ ചൈന ശ്രമിക്കാതിരിക്കുകയാണ് കിഴക്കന്‍ ലഡാക്കിലെ സംഘര്‍ഷം ഒഴിവാക്കുന്നതിനുള്ള ഏകമാര്‍ഗമെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്രി പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. അതിര്‍ത്തിയില്‍ ചൈനീസ് സൈന്യത്തിന്റെ നടപടികള്‍ ഉഭയകക്ഷി ബന്ധത്തിന്റെ വിശ്വാസ്യതയ്ക്ക് വിള്ളല്‍ വീഴ്ത്തി. ബന്ധങ്ങളെ സൂക്ഷ്മമായി വീക്ഷിക്കുകയും അത് ഏതുദിശയിലേക്കാണ് നിങ്ങേണ്ടതെന്ന് തീരുമാനിക്കുകയും ചെയ്യേണ്ടത് ചൈനയുടെ ഉത്തരവാദിത്തമാണ്. അതിര്‍ത്തിയില്‍ സമാധാനവും ശാന്തിയും നിലനിന്നാലല്ലാതെ ഇന്ത്യ ചൈന ഉഭയകക്ഷിബന്ധത്തില്‍ പുരോഗതിയുണ്ടാകില്ല.

ഈ പ്രശ്‌നത്തിനുള്ള പരിഹാരം ഞങ്ങളുടെ വീക്ഷണകോണില്‍ വ്യക്തമാണ്. ഇന്ത്യന്‍ സൈനികരുടെ സാധാരണ പട്രോളിങ്ങിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്ന നടപടികള്‍ ചൈന അവസാനിപ്പിക്കണം-അദ്ദേഹം പറഞ്ഞു.

ഗാല്‍വന്‍ താഴ്വരയുടെ മേലുളള ചൈനയുടെ അവകാശവാദം അംഗീകരിക്കാനാവില്ല. ഇത്തരത്തിലുള്ള അതിശയോക്തി കലര്‍ന്ന അവകാശവാദങ്ങള്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായകമാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗാല്‍വന്‍ താഴ് വരയിലെ നിയന്ത്രണരേഖയുടെ അതിര്‍വരമ്പുകളെക്കുറിച്ച്‌ ഇന്ത്യക്ക് വ്യക്തതയുണ്ട്‌. നിയന്ത്രണരേഖ ഇന്ത്യ കൃത്യമായി പാലിക്കുന്നുണ്ട്. ഗാല്‍വന്‍ താഴ്വര വരെ വളരെ കാലങ്ങളായി ഒരു തടസ്സവുമില്ലാതെ പട്രോളിങ് നടത്തിവന്നിരുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. 

Related Articles

Latest Articles