തിരുവനന്തപുരം: സ്പ്രിംഗ്ളര്‍ ഇടപാടില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയതിന് പിന്നാലെ കരാര്‍ വിവരങ്ങള്‍ പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. കമ്പനിയും സര്‍ക്കാരും തമ്മിലുള്ള കരാറും സ്പ്രിംഗ്ളര്‍, ഐടി സെക്രട്ടറിക്ക് അയച്ച കത്തും സര്‍ക്കാര്‍ പുറത്തുവിട്ടു.
പൗരന്‍മാരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്ന് കമ്പനി കരാറില്‍ ഉറപ്പ് നല്‍കുന്നു. വിവരങ്ങളുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനു തന്നെയാവും. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഏതുസമയത്തും വിവരങ്ങള്‍ കൈമാറും. അമേരിക്കയിലേയും മറ്റ് രാജ്യങ്ങളിലേയും നിയമങ്ങള്‍ക്ക് വിധേയമായിട്ടാവും കമ്പനി പ്രവര്‍ത്തിക്കുകയെന്നും കരാറില്‍ പറയുന്നു. ശേഖരിക്കുന്ന വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അല്ലാതെ മറ്റ് ഏജന്‍സികള്‍ക്ക് കൈമാറുകയോ പകര്‍പ്പ് എടുക്കുകയോ ചെയ്യില്ലെന്നും കരാര്‍ വ്യവസ്ഥ ചെയ്യുന്നു.
ഏപ്രില്‍ രണ്ടിനാണ് സര്‍ക്കാര്‍ സ്പ്രിംഗ്‌ളറുമായി കരാര്‍ ഒപ്പിട്ടത്. കരാര്‍ കാലാവധി സെപ്റ്റംബര്‍ 24 വരെയാണ്. വിവരങ്ങളുടെ അന്തിമ അവകാശം പൗരനെന്ന് സ്പ്രിംഗ്ളര്‍ വ്യക്തമാക്കുന്നു. രോഗികളുടെ വിവരങ്ങളുടെ പൂര്‍ണ അവകാശം സംസ്ഥാന സര്‍ക്കാരിനെന്നും കമ്പനി വ്യക്തമാക്കി.
പത്താം തീയതിയാണ് പ്രതിപക്ഷ നേതാവ് സ്പ്രിംഗ്‌ളര്‍ കരാറിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വാര്‍ത്താസമ്മേളനം വിളിച്ചതോടെയാണ് സ്പ്രിംഗ്‌ളര്‍ വിവാദം ആളികത്തിയത്.കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് സ്പ്രിംഗ്‌ളറുമായി ബന്ധപ്പെട്ട് ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയിരുന്നു.

