Sunday, May 19, 2024
spot_img

ഹവാല ഇടപാടുകളുടെ നേതാവ്. ഫൈസൽ ഫരീദിനു പിന്നിൽ പ്രവർത്തിക്കുന്നത് റബിൻസ്

കൊച്ചി: നയതന്ത്ര പാഴ്സലിൽ കള്ളക്കടത്തു സ്വർണം അയയ്ക്കാൻ ഫൈസൽ ഫരീദിനെ സഹായിച്ചതു മൂവാറ്റുപുഴ സ്വദേശി റബിൻസ് ആണെന്നു കസ്റ്റംസിനു വിവരം ലഭിച്ചു. ഫൈസൽ ഫരീദിന്റെ പേരിൽ ചില പാഴ്സലുകൾ അയച്ചത് ഇപ്പോൾ ദുബായിലുള്ള റബിൻസാണെന്ന് പിടിയിലായ ജലാൽ മുഹമ്മദ് മൊഴി നൽകി.
നേരത്തേതന്നെ, കസ്റ്റംസ് നിരീക്ഷണത്തിലുള്ളയാളാണു റബിൻസ്. ദുബായിൽ ഇയാൾക്കു ഹവാല ഇടപാടുകളുള്ളതായും നയതന്ത്ര പാഴ്സലിലൂടെ കേരളത്തിലേക്കു കടത്തിയ സ്വർണം വിറ്റഴിക്കുന്നതിൽ പങ്കുള്ളതായും വിവരം ലഭിച്ചു.

ഫൈസൽ ഫരീദിനെ മുന്നിൽ നിർത്തി, ദുബായിലെ മുഴുവൻ നീക്കങ്ങളും നടത്തിയതു റബിൻസാണോയെന്നും കസ്റ്റംസ് സംശയിക്കുന്നു. അതേസമയം, റബിൻസ് എന്നത് ഇയാളുടെ യഥാർഥ പേരാണോ വിളിപ്പേരാണോയെന്നു വ്യക്തമായിട്ടില്ല.

യുഎഇയിൽ നിന്നുള്ള പ്രവാസികളെ കൊണ്ടുവരുന്ന വന്ദേഭാരത് വിമാനത്തിൽ ഫൈസൽ ഫരീദിനെ ഇന്ത്യയിലെത്തിക്കും. നേരിട്ടു കൊച്ചിയിലെത്തിക്കാനാണ് എൻഐഎ ശ്രമിക്കുന്നത്.
വിമാനയാത്രയ്ക്കിടയിൽ പ്രതിക്കു കോവിഡ് ബാധയുണ്ടായാൽ അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ഇതുവരെ അറസ്റ്റിലായ പ്രതികൾക്കാർക്കും കോവിഡ് ബാധയുണ്ടായിട്ടില്ല. പരിശോധനയിൽ കോവിഡ് നെഗറ്റീവായ ശേഷമാണ് അന്വേഷണ സംഘം എല്ലാവരെയും കസ്റ്റഡിയിൽ വാങ്ങിയത്.

Related Articles

Latest Articles