Monday, May 20, 2024
spot_img

ജമ്മു കശ്മീരിൽ ഏറ്റുമുട്ടല്‍; ഒരു ജവാന്‍ വീരമൃത്യു വരിച്ചു, മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രംബാന്‍ ജില്ലയിലെ ബതോതില്‍ ഭീകരര്‍ ബന്ദിയാക്കിയയാളെ സംയുക്തസേന സുരക്ഷിതമായി രക്ഷപ്പെടുത്തി. ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. സുരക്ഷാ സേന നടത്തിയ വെടിവയ്പ്പില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. രണ്ട് ഭീകരര്‍ക്കുവേണ്ടി രാത്രിവൈകിയും തിരച്ചില്‍ തുടരുകയാണ്.

ബതോതില്‍ അഞ്ച് പേരടങ്ങുന്ന ഭീകരസംഘം ഒരു വീട്ടില്‍ കയറി ഗൃഹനാഥനെ ബന്ദിയാക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ രക്ഷപ്പെട്ടു. അഞ്ച് ഭീകരരില്‍ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. വീടിനകത്തുണ്ടായിരുന്ന മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പില്‍ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ യുടെ ട്രൈപ്പോഡിന് വെടിയേറ്റു.ജമ്മുകാശ്മീരിലെ വിവിധയിടങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ ഭീകരാക്രമണം നടക്കുകയായിരുന്നു. ബതോതില്‍ സൈനിക വേഷത്തിലെത്തിയ മൂന്ന് ഭീകരര്‍ യാത്രാ ബസ് തടയാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. ബസ് നിറുത്താതെ രക്ഷപ്പെട്ട ഡ്രൈവര്‍ സംഭവം സുരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. പ്രദേശത്ത് കനത്ത മഴ പെയ്തത് സൈന്യത്തിന് തിരിച്ചടിയായി. ഗണ്ടേര്‍ബാലിലും ഏറ്റുമുട്ടലുണ്ടായി. ഇവിടെനിന്ന് വന്‍ ആയുധശേഖരം കണ്ടെടുത്തതായാണ് വിവരം. ശ്രീനഗറിലെ ജനവാസ മേഖലയിലായിരുന്നു ഗ്രനേഡ് ആക്രമണം. സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. ഇവിടെ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്.

Related Articles

Latest Articles