Monday, May 20, 2024
spot_img

ഭഗവത് ഗീതയുടെ ഉന്നതമായ സാരാംശത്തെ സാധാരണ ജനങ്ങളിലേക്കെത്തിച്ച പ്രചാരകൻ; ആത്മീയതയുടെ പാതയിൽ സ്വസമാജത്തെ നവീകരിച്ച മഹാമഹർഷി; ഇന്ന് ചിന്മയാനന്ദ സ്വാമികളുടെ നൂറ്റിയെട്ടാം ജയന്തി ദിനം

കമ്മ്യൂണിസമുൾപ്പെട്ടയുള്ള പൊള്ളയായ ആശയങ്ങളാൽ ആകൃഷ്ടരാക്കപ്പെട്ട യുവസമൂഹത്തെ യാദാർത്ഥ്യ ബോധം പകർന്നു കൊടുത്ത് ധാർമികതയുടെയും മൂല്യബോധത്തിന്റെയും ആധാരത്തിൽ കർമ്മനിരതരാക്കി മാറ്റാൻ നടത്തിയ ശ്രമങ്ങളാണ് ചിന്മയാനന്ദ സ്വാമികളെ വ്യത്യസ്തനായ ഒരു സാമൂഹിക പരിഷ്കർത്താവാക്കുന്നത്. ഭഗവതിഗീതയുടെ ഉന്നതമായ സാരാംശമൂല്യങ്ങൾ സാധാരണ ജനങ്ങളിലേക്ക് സന്നിവേശിപ്പിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമാണ്. മാദ്ധ്യമ പ്രവർത്തകനിൽ നിന്ന് സ്വാതന്ത്ര്യ സമര സേനാനിയിലേക്കും അവിടെനിന്ന് അഗാധമായ ജ്ഞാനം കൊണ്ട് തിളങ്ങുന്ന രത്നമായി മാറിയ സംന്യാസത്തിലേക്കും നടന്നു നീങ്ങിയ അദ്ദേഹം എപ്പോഴും ഭാരതീയതയുടെ പ്രചാരകനായിരുന്നു. വിരാട ഹിന്ദുത്വത്തിന്റെ നവോത്ഥാനത്തിന് കല്ലുപാകിയ വിശ്വഹിന്ദു പരിഷത്തിന്റെ രൂപീകരണത്തിലെ ചിന്മയ സ്പർശം എടുത്തുപറയേണ്ടതാണ്. ആത്മീയ പാതയിൽ സമൂഹത്തിന്റെ നവനിർമ്മാണം നടത്തിയ ആ മഹാമഹർഷിയുടെ നൂറ്റിയെട്ടാം ജന്മദിനമാണിന്ന്.

1916 മെയ്‌ 8, എറണാകുളം ജില്ലയിലെ പുത്തംപള്ളിയിൽ വടക്കേ കുറുപ്പത്ത്‌ കുട്ടൻ മേനോന്റെയും പാറുക്കുട്ടി അമ്മയുടെയും മകനായാണ് അദ്ദേഹം ഭൂജാതനായത്‌. ബാലകൃഷ്ണ മേനോൻ എന്നതായിരുന്നു സ്വാമികളുടെ പൂർവ്വാശ്രമത്തിലെ നാമം. ആദ്ധ്യാത്മിക നേതാവ്,അദ്ധ്യാപകൻ എന്നീ നിലയിൽ പ്രശസ്തി. ശ്രീരാമവർമ്മ ഹൈസ്കൂൾ കൊച്ചി, വിവേകോദയം സ്കൂൾ തൃശൂർ, മഹാരാജാസ് കോളേജ് എറണാകുളം, സെന്റ് തോമസ് കോളേജ് തൃശ്ശൂർ, ലഖ്നൗ സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി. ഫ്രീപ്രസ്സ് ജേണൽ, നാഷണൽ ഹൊറാൾഡ് എന്നീ പത്രങ്ങളിൽ ജോലി ചെയ്തു. സ്വാതന്ത്ര്യസമര സേനാനി കൂടി ആയിരുന്ന സ്വാമികൾ 1942 -ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. 1949 ഫെബ്രുവരിയിൽ ഋഷികേശിലെത്തി സ്വാമി ശിവാനന്ദയുടെ ശിഷ്യനായി. സ്വാമി ശിവാനന്ദയിൽ നിന്ന് മഹാശിവരാത്രി നാളിൽ ദീക്ഷ സ്വീകരിക്കുകയും ചിന്മയാനന്ദൻ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. ഉത്തരകാശിയിലെ തപോവൻ മഹാരാജും അദ്ദേഹത്തിന് ഗുരുസ്ഥാനീയനാണ്. വേദാന്ത ദർശനങ്ങളുടെ പ്രചാരണത്തിനായി 1953 ൽ ചിന്മയ മിഷൻ സ്ഥാപിച്ചു.

ചിന്മയ മിഷന്‍ ഇന്ന് ലോകമെമ്പാടും പടര്‍ന്നുപന്തലിച്ച വടവൃക്ഷമായിക്കഴിഞ്ഞു. സനാതന ധര്‍മത്തിന്റെ ശംഖനാദമാണ് അവിടെനിന്നെല്ലാം ഉയരുന്നത്. ചിന്മയാനന്ദ സ്വാമിയുടെ കീഴില്‍ 1963-ല്‍ ബോംബെയിലെ സാന്ദീപനി സാധനാലയത്തില്‍നിന്നു വേദാന്തപഠനം പൂര്‍ത്തിയാക്കിയ സ്വാമിമാരാണ് ചിന്മയ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. വളരെ മനോഹരമായാണ് ഗുരുദേവന്‍ ചിന്മയ മിഷനെ രൂപപ്പെടുത്തിയിരിക്കുന്നത്. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുള്ളവര്‍ക്കുവേണ്ടി ആത്മീയക്ലാസുകള്‍ മിഷന്റെ എല്ലാ സെന്ററുകളിലും നടന്നുവരുന്നു. ഇതിനു പുറമേ കലാ-സാഹിത്യ-സംഗീത വിഭാഗങ്ങള്‍ക്കും പ്രാധാന്യം നല്‍കിവരുന്നുണ്ട്. വേദശാസ്ത്രത്തിന്റെ മറുകര കണ്ട ഒരു പ്രസ്ഥാനമായി ചിന്മയ മിഷനെ നമുക്കിപ്പോള്‍ ദര്‍ശിക്കാം. ലോകമെമ്പാടുമായി 26 രാജ്യങ്ങളിലായി 300-ലധികം ചിന്മയ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നു. 350ല്‍പരം സന്ന്യാസി ശ്രേഷ്ഠന്മാരാണ് ഈ പ്രസ്ഥാനത്തെ നയിക്കുന്നത്.

ആധുനിക ഭാരതത്തിന് ദിശാബോധം നൽകിയ സ്വാമിജിയുടെ ഒട്ടനവധി പുസ്തകങ്ങളും പ്രഭാഷണങ്ങളും ഒരു ജനതയുടെ ഉയത്തെഴുന്നേല്പിന്റെ കൂടി തെളിവുകളാണ്. മഹാവിജ്ഞാനത്തിന്റെ അക്ഷയരൂപമായ ഭഗവത്‌ഗീതയെ സമാജത്തിൽ ഗീതാജ്ഞാന യജ്ഞങ്ങളിലൂടെ പ്രചരിപ്പിച്ചതിലൂടെ സ്വാമികൾ തങ്ങളുടെ ഊർജ്ജം എങ്ങനെ ഉപയോഗിക്കണമെന്നറിയാതെ ആത്മവിസ്തൃതിയിലാണ്ട്‌ സ്വബോധം നഷ്ടപ്പെട്ട സമാജത്തെ ശരിയായ വഴിക്ക് തിരിച്ചുവിടുകയായിരുന്നു. സാമൂഹിക നവോത്ഥാനത്തിന് അതുല്യമായ സംഭാവനകൾ നൽകിയ ചിന്മയാനന്ദ സ്വാമികൾ 1993 ആഗസ്റ്റ് 3 ന് കാലിഫോർണിയയിലെ സാന്റിയാഗോയിൽ വച്ച് സമാധിയായി. ഹിമാചൽ പ്രദേശിലെ സിദ്ധബാരിയിലാണ് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടന്നത്. ലക്ഷക്കണക്കിന് ഭാരതീയരുടെ മനസ്സിലെ ചിന്മയ ശങ്കരമായി ആ ജ്ഞാനജ്യോതി ഇന്നും തെളിഞ്ഞു നിൽക്കുന്നു

Related Articles

Latest Articles