Tuesday, October 20, 2026

ഗോരഖ്‌പൂരിൽ ഒൻപത് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച ബന്ധുവായ പന്ത്രണ്ടുകാരൻ പിടിയിൽ, കുഞ്ഞിന്റെ നില അതീവ ഗുരുതരം

ലഖ്‌നൗ : ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ ഒൻപത് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കുഞ്ഞിന്റെ ബന്ധുവായ പന്ത്രണ്ടുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുലാരിഹ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരകൃത്യം അരങ്ങേറിയത്. നിലവിൽ ബി.ആർ.ഡി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വെള്ളിയാഴ്ച രാത്രി അമ്മയോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ പുലർച്ചെ രണ്ട് മണിയോടെയാണ് കാണാതായത്. കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് പരിഭ്രാന്തരായ കുടുംബാംഗങ്ങൾ രാത്രി തന്നെ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ശനിയാഴ്ച പുലർച്ചെ വീടിന് 500 മീറ്റർ അകലെയുള്ള ഒരു പാടത്തെ ടിൻ ഷെഡിന് സമീപം ചോര വാർന്ന നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ വൈദ്യപരിശോധനയിലാണ് കുഞ്ഞ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചത്.

ചണ്ഡീഗഡിൽ നിന്നും ബന്ധുവീട്ടിൽ സന്ദർശനത്തിനെത്തിയ പന്ത്രണ്ടുകാരനാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ആദ്യം പരസ്പരവിരുദ്ധമായ മൊഴികൾ നൽകി പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കൃത്യം നടത്തുന്നതിന് മുൻപ് താൻ മദ്യം കഴിച്ചിരുന്നതായും മൊബൈൽ ഫോണിൽ കടുത്ത രീതിയിലുള്ള അശ്ലീല ദൃശ്യങ്ങൾ കണ്ടിരുന്നതായും പ്രതി പോലീസിനോട് സമ്മതിച്ചു. ഇതിന് ശേഷമാണ് ഉറങ്ങിക്കിടന്ന കുഞ്ഞിനെ ആരും കാണാതെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പരിശോധിച്ച അന്വേഷണ സംഘത്തിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഫോണിൽ അമ്പതിലധികം അശ്ലീല വീഡിയോകളും നൂറിലധികം അശ്ലീല വെബ്‌സൈറ്റുകൾ നിരന്തരമായി തിരഞ്ഞതിന്റെ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളിലെ മൊബൈൽ ഫോൺ ദുരുപയോഗവും അശ്ലീല ദൃശ്യങ്ങളോടുള്ള ആസക്തിയും എത്രത്തോളം ഭയനാകമായ ക്രിമിനൽ ചിന്തകളിലേക്കാണ് അവരെ നയിക്കുന്നത് എന്നതിന്റെ തെളിവാണ് ഈ സംഭവം. കേസിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണെന്നും പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കുമെന്നും സിറ്റി പോലീസ് സൂപ്രണ്ട് നിമേഷ് പാട്ടീൽ അറിയിച്ചു.

Related Articles

Latest Articles