Sunday, May 19, 2024
spot_img

പേ വിഷ പ്രതിരോധ കുത്തിവെപ്പ് വീണ്ടും പരാജയം; മൂന്നു ചോദ്യങ്ങളുന്നയിച്ച് വിദഗ്ദര്‍; ഇത് സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്‌സിനും ഇമ്മ്യൂണോഗ്ലോബുലിനും ഫലം കാണാതെ വരുന്ന അഞ്ചാമത്തെ സംഭവം

പത്തനംതിട്ട: കേരളത്തിൽ വീണ്ടും പേ വിഷ പ്രതിരോധ കുത്തിവെപ്പിന് ഫലം കാണാതെ വരുന്നു. റാന്നിയിൽ തെരുവ് നായ കടിച്ച 12 വയസ്സുകാരിയെ പേവിഷ ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയുടെ നില ഗുരുതരാവസ്ഥയാണ്. രണ്ടാഴ്ച മുൻപ് നായകടിയേറ്റ കുട്ടിക്ക് ഇമ്മ്യൂണോഗ്ലോബുലിനും മൂന്നു ഡോസ് പ്രതിരോധ വാക്സീനും നൽകിയിരുന്നു. പെരുനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ടും മൂന്നും ഡോസ് വാക്‌സിനുകളും അഭിരാമിക്ക് എടുത്തു.

എന്നാൽ ഇന്നലെ രാത്രിയിൽ കുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായി. വായിൽ നിന്ന് പതവരികയും കാഴ്ചമങ്ങുകയും ചെയ്തു. രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരാവസ്ഥയിലാണ് ഇപ്പോൾ കുട്ടി. സംസ്ഥാനത്ത് പേവിഷ പ്രതിരോധ വാക്‌സിനും ഇമ്മ്യൂണോഗ്ലോബുലിനും പരാജയപ്പെടുന്ന ഈ വർഷത്തെ അഞ്ചാമത്തെ സംഭവമാണ് ഇത്. വാക്സീൻ പരാജയപ്പെട്ട നാലു സംഭവങ്ങൾ ഈ വര്ഷം ഉണ്ടായതായി ആരോഗ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നു.

സാധാരണ റാബീസ് വാക്സീൻ മാത്രമല്ല ഗുരുതരമായി കടിയേൽക്കുന്നവർക്ക് നൽകുന്ന ഇമ്മ്യൂണോഗ്ലോബുലിനീൻറെ നിലവാരവും സംശയത്തിലാക്കുന്നതാണ് തുടർച്ചയായ ഈ സംഭവങ്ങൾ. മൂന്നു ചോദ്യങ്ങൾക്ക് അടിയന്തിരമായി സംസ്ഥാന ആരോഗ്യവകുപ്പ് ഉത്തരം കാണണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒന്ന്: ശരിയായ ഗുണനിലവാരമുള്ള വാക്സീനും ഇമ്മ്യൂണോഗ്ലോബുലിനുമാണോ സംസ്ഥാനത്ത് നൽകുന്നത്? രണ്ട്: ശരിയായ രീതിയിലും താപനിലയിലും ആണോ ഈ വാക്‌സിനുകൾ സൂക്ഷിക്കപ്പെടുന്നത്? മൂന്ന്: ശരിയായ രീതിയിലാണോ ഇത് കുത്തിവെക്കുന്നത്?

ഇക്കഴിഞ്ഞ ഓഗസ്റ്റ് 14നാണ് പത്തനംതിട്ട പെരുനാട് സ്വദേശി ഹരീഷിന്റെ മകൾ അഭിരാമിയെ തെരുവുനായ ഓടിച്ചിട്ട് കടിച്ചത്. അഭിരാമിയുടെ കൈക്കും കാലിലുമായി 9 കടിയേറ്റു. ഇടതും കണ്ണിന് താഴെയും കടിയേറ്റു. അന്നുതന്നെ പത്തനംതിട്ട ജനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുദിവസം ചികിത്സയിൽ കഴിഞ്ഞ അഭിരാമിക്ക് ആദ്യഡോസ് വാക്സിനേഷനും ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവെപ്പും നൽകി. ആഴത്തിൽ കടിയേറ്റാൽ മുറിവിനു ചുറ്റും നൽകുന്ന പ്രത്യേക കുത്തിവെപ്പാണ് ഇമ്മ്യൂണോഗ്ലോബുലിൻ. സാധാരണ വാക്സീൻ പ്രവർത്തിക്കാൻ കാലതാമസം എടുക്കും എന്നതിനാലാണ് ഉടൻ പ്രതിരോധത്തിനുള്ള ഇമ്മ്യൂണോഗ്ലോബുലിൻ നൽകുന്നത്.

Related Articles

Latest Articles